
കൊളംബോ:അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, നമീബിയയെ 102 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമാണ് പാകിസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം. ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാന്റെ തകര്‍പ്പന്‍ സെഞ്ച്വറി 100*(58) മികവില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സിന് മറുപടി നല്‍കാനിറങ്ങിയ നമീബിയ 17.3 ഓവറില്‍ 97 റണ്‍സ് നേടി ഓള്‍ഔട്ടായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയന്‍ നിരയില്‍ വെറും രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപ് 23(22) ആണ് ടോപ് സ്‌കോറര്‍. അലക്‌സാണ്ടര്‍ 20(20) മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഉസ്മാന്‍ താരീഖ് ആണ് നമീബിയയെ തകര്‍ത്തത്. ലെഗ് സ്പിന്നര്‍ ഷദാബ് ഖാന് മൂന്ന് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ മുഹമ്മദ് നവാസ്, സല്‍മാന്‍ മിര്‍സ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. 58 പന്തുകളില്‍ നിന്ന് 11 ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഫര്‍ഹാന്റെ സെഞ്ച്വറി. സയീം അയൂബ് 14(12), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 38(23), ഖ്വാജ നഫായ് 5(5) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോര്‍. ഷദാബ് ഖാന്‍ 36*(22) പുറത്താകാതെ നിന്നു. നമീബിയക്ക് വേണ്ടി ജാക് ബ്രാസല്‍ രണ്ട് വിക്കറ്റുകളും ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് ഒരു വിക്കറ്റും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |