
നവീന ആശയങ്ങളെയും നവസംരംഭങ്ങളെയും വാർത്തെടുക്കുന്ന സ്റ്റാർട്ടപ്പ് മേഖലയിൽ 2025ൽ വലിയ മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്. 1,240 പുതിയ സ്റ്റാർട്ടപ്പുകളാണ് പോയവർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതോടെ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 7,700 പിന്നിട്ടു. ഫണ്ടിംഗിലുൾപ്പെടെ വളർച്ച നേടിയതോടെ മേഖലകൾ വിപുലമാക്കാനും സാദ്ധ്യതകൾ വിനിയോഗിക്കാനും വഴിതുറന്നു.
2025ൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മൂല്യത്തിൽ 147 ശതമാനം വളർച്ച കൈവരിച്ചതായി സ്റ്റാർട്ടപ്പുകളുടെ ആഗോളസംഘടനയായ 'സ്റ്റാർട്ടപ്പ് ജെനോം" തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വളർച്ചയുടെ സുപ്രധാനനേട്ടമാണിത്. നിക്ഷേപകരുടെ വലിയ താത്പര്യം, വിപുലമായ നയപിന്തുണ, ആഗോള സ്റ്റാർട്ടപ്പ് ശൃംഖലയുമായുള്ള അടുത്ത ബന്ധം എന്നിവയാണ് നേട്ടത്തിന് കാരണം. കാർഷികമേഖല, സോഫ്‌റ്റ്‌വെയർ, ഡ്രോൺ മേഖലകളിലാണ് 2025ൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ നവീന ആശയങ്ങൾ സംരംഭമായി മാറ്റുന്ന ആദ്യഘട്ടമാണ് സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഉൾപ്പെടെ പൊതുസൗകര്യം ഇവർക്ക് ഉപയോഗിക്കാം. ഗവേഷണം, വികസനം, ഉത്പാദനം തുടങ്ങിയ പ്രാഥമിക പ്രവർത്തനങ്ങൾക്ക് സൗകര്യം ലഭിക്കും. നിശ്ചിതകാലം നികുതികൾ ഉൾപ്പെടെ ഒഴിവാക്കും.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആശയങ്ങളെ സംരംഭങ്ങളാക്കാൻ മൂലധനം നേടുകയാണ് വെല്ലുവിളി. ഇതിന് സഹായം സ്റ്റാർട്ടപ്പ് മിഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും നൽകും. മൂലധന നിക്ഷേപത്തിന് താത്പര്യമുള്ളവർക്ക് മുമ്പിൽ സംരംഭകർക്ക് ആശയങ്ങൾ അവതരിപ്പിക്കാം. ചർച്ചകളിലൂടെ നിക്ഷേപം സ്വീകരിക്കാം. തുടക്കം കുറിച്ച സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപം ലഭ്യമാക്കാനും സഹായിക്കും.
നയം മുതൽ കേരളം മുന്നിൽ
രാജ്യത്ത് ആദ്യമായി സ്റ്റാർട്ടപ്പ് നയം രൂപീകരിച്ച സംസ്ഥാനം കേരളമാണ്. 2014ൽ. 2016ൽ 100 സ്റ്റാർട്ടപ്പുകളിൽ നിന്നാണ് വൻവളർച്ച നേടിയത്. കേരള സ്റ്റാർട്ടപ്പ് മിഷനാണ് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്‌ക്ക് ചുക്കാൻ പിടിക്കുന്നത്. 2017മുതൽ ഐ.ടി നയത്തിലും സ്റ്റാർട്ടപ്പിന് പ്രത്യേക പരിഗണന നൽകി. സർക്കാർ, നിക്ഷേപക പിന്തുണയിൽ സ്റ്റാർട്ടപ്പുകൾ വളർച്ച കൈവരിച്ചു. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ നാലാമത്തെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമെന്ന നേട്ടം 2022ൽ കേരളം കൈവരിച്ചു. വേൾഡ് ഇക്കോണിക് ഫോറത്തിന്റെ റിപ്പോർട്ടിലാണ് അംഗീകാരം ലഭിച്ചത്.
വൈവിദ്ധ്യമാർന്ന മേഖലകൾ
അക്കാഡമിക്, വ്യവസായം, ഗവേഷണ വികസനം എന്നിവയെ കേരള സ്റ്റാർട്ടപ്പ് മിഷൻ ബന്ധിപ്പിച്ചു. സ്‌കൂൾ, കോളേജുകൾ, ഇൻക്യൂബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ സഹകരിപ്പിച്ചു. സംരംഭകത്വം, ഇന്നവേഷൻ, വളർച്ച എന്നിവയ്ക്ക് അവസരങ്ങൾ ഒരുക്കി. കാനയിലെ ചെളി കോരുന്ന സംവിധാനം മുതൽ ഡ്രോൺ, റോബോട്ട്, മരുന്ന്, എയ്റോസ്‌പേസ് ഘടകങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഉത്പന്നങ്ങളും ധനകാര്യ മേഖലയിലെ സേവനങ്ങൾ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന സ്റ്റാർട്ടപ്പുകളുമുണ്ട്.
സ്റ്റാർട്ടപ്പ് തുടങ്ങാൻ
ബിസിനസ് ആശയമുള്ള ആർക്കും കേരള സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം
നവീന ഉത്പന്നങ്ങളോ സേവനങ്ങളോ നൽകുന്നവയാകണം
നിശ്ചിത ഫോമിൽ അപേക്ഷിക്കുന്നവർക്ക് യുണീക് ഐ.ഡി നമ്പർ ലഭിക്കും
പ്രൈവറ്റ്, പാർട്ണർഷിപ്പ്, ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ രജിസ്റ്റർ ചെയ്യാം
പ്രതിവർഷ വിറ്റുവരവ് 100 കോടി രൂപയിൽ അധികമാകരുത്
പരമാവധി 10 വർഷമാണ് സ്റ്റാർട്ടപ്പ് പദവി
2026ൽ ലക്ഷ്യമിടുന്ന മേഖലകൾ
ആരോഗ്യപരിചരണവും ജീവശാസ്ത്രവും
സ്‌പേസ് ടെക്നോളജി
എന്റർടെയ്‌ൻമെന്റ്
പുതിയ ഊർജസ്രോതസ്
ഭക്ഷ്യവസ്തുക്കളും കൃഷിയും
2025 ലെ നേട്ടങ്ങൾ
240 കോടി രൂപ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട്
400 കോടി രൂപ സ്റ്റാർട്ടപ്പുകൾ ശേഖരിച്ചു
350 നിക്ഷേപകരെത്തി
18.4 കോടി രൂപ തുടക്കക്കാർക്ക്
9.2 കോടി രൂപ സ്റ്റാർട്ടപ്പ് മിഷൻ ഫണ്ട്
550 നിക്ഷേപക കൂടിക്കാഴ്‌ച
സ്റ്റാർട്ടപ്പുകൾ ഇതുവരെ
11.2 ലക്ഷം ചതുരശ്രയടി സ്ഥലം
7,700 സ്റ്റാർട്ടപ്പുകൾ
7,500 കോടിയുടെ മൂലധന നിക്ഷേപം
77,000 പേർക്ക് തൊഴിൽ
25 അവാർഡുകൾ
5 എയ്ഞ്ചൽ നിക്ഷേപക ശൃംഖല
63 ഇൻക്യൂബേറ്റർ
15 കോ വർക്കിംഗ് സ്‌പേസ്
4 ആക്‌സിലറേറ്റർ
1 സൂപ്പർ ഫാബ് ലാബ്
3 ഫാബ് ലാബ്
23 മിനി ഫാബ് ലാബ്
20 ഐ.ഒ.ടി ലാബ്
720 ആശയങ്ങൾക്ക് പിന്തുണ
27 കോടി രൂപയുടെ ഗ്രാൻഡ്
11 കോടി രൂപയുടെ സീഡ് ഫണ്ട്
25 കോടി രൂപയുടെ സർക്കാർ സഹായം
61 കോടി രൂപയുടെ ഫണ്ട് ഒഫ് ഫണ്ട്
100 കോടി രൂപയുടെ വിറ്റുവരവുള്ള 10 കമ്പനികളെ സൃഷ്‌ടിക്കുകയാണ് അടുത്ത ലക്ഷ്യം. അതിനാവശ്യമായ മൂലധനനിക്ഷേപം കണ്ടെത്താൻ നടപടി ആരംഭിച്ചു.""
- അനൂപ് അംബിക,
സി.ഇ.ഒ
കേരള സ്റ്റാർട്ടപ്പ് മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |