കൊച്ചി: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റമാകാമെന്ന് ഹൈക്കോടതിയുടെ പരാമർശം. പെൺകുട്ടിയുടെ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ പി. സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.
മുഴുവൻ വസ്തുതയും പുറത്തുവരാൻ ഹർജിക്കാരനെ ചോദ്യം ചെയ്യണം. പ്രതി കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി നിർദ്ദേശിച്ചു. ഒളിവിലായിരുന്ന സുകാന്ത് ഇതിനു പിന്നാലെയാണ് ഇന്നലെ കൊച്ചി സിറ്റി പൊലീസിൽ ഹാജരായത്. താനുമായുള്ള വിവാഹത്തെ സ്വന്തം വീട്ടുകാർ എതിർത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു സുകാന്തിന്റെ വാദം. സ്നേഹിതയെ നഷ്ടപ്പെട്ടതിനാൽ മാനസിക വിഷമത്തിലാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ കാൾ റെക്കാഡുകൾ, ബാങ്ക്-മെഡിക്കൽ രേഖകൾ, ഹർജിക്കാരനും യുവതിയുമായുള്ള വാട്സ്ആപ് ചാറ്റുകൾ എന്നിവ പരിശോധിച്ചപ്പോൾ വ്യത്യസ്ത ചിത്രമാണ് തെളിയുന്നതെന്ന് കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവുമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
യുവതിയെ ഗർഭിണിയാക്കുകയും നിർബന്ധിച്ച് അലസിപ്പിക്കുകയും ചെയ്‌തു. ഇതിനായി വ്യാജ വിവാഹക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹം ചെയ്യാൻ യുവതിയെ ഒഴിവാക്കാൻ നോക്കി. വിവാഹത്തിന് താത്പര്യമില്ലെന്ന് അവരുടെ അമ്മയ്‌ക്ക് സന്ദേശമയച്ചു.
യുവതിയോട് മരിക്കാൻ നിർദ്ദേശിച്ചും സന്ദേശങ്ങളയച്ചു. ആത്മഹത്യയ്‌ക്ക് തീയതി നിശ്ചയിക്കാനും ആവശ്യപ്പെട്ടു. യുവതിയുടെ ശമ്പളവും പ്രതി വാങ്ങി. ഹർജിക്കാരന് മുൻകൂർ ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഹർജിയിൽ യുവതിയുടെ അമ്മ കക്ഷിചേർന്നിരുന്നു.
ചാറ്റുകൾ ചോർന്നതിൽ അതൃപ്തി
നിർണായക തെളിവുകളായ വാട്സ്ആപ് ചാറ്റുകൾ ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പക്കലിരിക്കേയാണ് ചാറ്റുകൾ പുറത്തുവന്നത്. വാദത്തിനിടെ ഇതിലെ ഒരു വാക്കുപോലും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസിൽ നിന്നാണ് വിവരം ചോർന്നത്. അന്വേഷണം വേണ്ടതാണെന്നും കോടതി പറഞ്ഞു. ചാറ്റുകൾ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സുകാന്തിന്റെ കീഴടങ്ങൽ പൊലീസിന് നാണക്കേട്
ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സുകാന്ത് രണ്ടുമാസം കേരളത്തിൽ ഒളിവിൽ കഴിഞ്ഞിട്ടും പിടിക്കാത്തത് പൊലീസിന് നാണക്കേടായി. ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയതിനു പിന്നാലെ സുകാന്ത് കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. സുകാന്തിനെ പിടിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാത്തതും അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകാത്തതും വീഴ്ചയാണ്. ഇതിനു പിന്നിൽ ഒത്തുകളിയും സംശയിക്കണം.
പേട്ട പൊലീസ് രണ്ടുതവണ കൊച്ചിയിലെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സുകാന്ത് ഫോണോ ഡിജിറ്റൽ ഉപകരണങ്ങളോ എ.ടി.എം കാർഡോ ഉപയോഗിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് പൊലീസ് പറയുന്നത്. മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത്തരം അന്വേഷണങ്ങളിൽ മൊബൈൽ ടവർ ലൊക്കേഷനും എ.ടി.എം കാർഡുപയോഗവുമാണ് പൊലീസിന്റെ തുറുപ്പുചീട്ട്. ഐ.ബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന് അന്വേഷണരീതി വ്യക്തമായറിയാം. അതിനാൽ ഫോണോ എ.ടി.എം കാർഡോ ഉപയോഗിച്ചില്ല.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ പൊലീസ് നിരീക്ഷിച്ചെങ്കിലും ഇയാളുടെ വിളിയെത്തിയിട്ടില്ല. ഇതുകാരണം ടവർലൊക്കേഷൻ ലഭിച്ചില്ല.
ഉന്നതരുമായി ഉറ്റബന്ധം
സാധാരണ ഒളിവിലുള്ള പ്രതികൾ പണം തീരുമ്പോൾ ആരെയെങ്കിലും വിളിച്ച് അത് അക്കൗണ്ടിലിടാൻ ആവശ്യപ്പെടും. ഭൂരിഭാഗം കേസുകളിലും പണം എ.ടി.എമ്മിൽ നിന്ന് പിൻവലിക്കുന്നത് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിക്കും. ഇതേക്കുറിച്ച് വ്യക്തമായി സുകാന്തിന് അറിയാം. ഐ.ബി ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് ഉന്നത പൊലീസുദ്യോഗസ്ഥരുമായടക്കം ഉറ്റബന്ധമുണ്ട്. മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കുംവരെ സുകാന്തിനെ പിടിക്കാത്തതിനു പിന്നിലെ കാരണമിതാണെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |