
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയും മഹാത്മാഗാന്ധിയുടെ പേരും മാറ്റിയതിനെതിരെയുള്ള പ്രക്ഷോഭം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ ആദ്യം മുതലേ എതിർക്കാനാണ് ബി.ജെ.പി ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചും അവകാശങ്ങൾ ഇല്ലാതാക്കിയും അട്ടിമറിക്കുകയാണ്. സാമ്പത്തികഭാരം സംസ്ഥാനങ്ങളുടെ തലയിൽകെട്ടിവച്ച് പദ്ധതി ഇല്ലാതാക്കാനാണ് നീക്കമെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ലോകം ആരാധിക്കുന്ന ഗാന്ധിജിയുടെ പേര് മാറ്റി തങ്ങളുടേതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കം അപഹാസ്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ലോക്ഭവന് സമീപം പൊലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എ.ഐ.സി.സി മാദ്ധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര, എ.ഐ.സി.സി സെക്രട്ടറി വി.കെ.അറിവഴകൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസെന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |