ന്യൂ ഡൽഹി: പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് ശബരിമലയിലെ അനധികൃത നിർമാണങ്ങൾ ചോദ്യം ചെയ്‌ത ഹർജിയിൽ സുപ്രീംകോടതിയുടെ നിരീക്ഷണം. പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. ശോഭീന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച്.
വനത്തിൽ കാലാകാലങ്ങളായി പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളുണ്ട്. പരിസ്ഥിതിയെ പരിഗണിക്കുന്നതിനൊപ്പം വിശ്വാസികളുടെ വികാരവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് കേരള ഹൈക്കോടതിയെ സമീപിക്കാം. ശബരിമല വിഷയം കൈകാര്യം ചെയ്യാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ചും ഉന്നതാധികാര സമിതിയുമുണ്ട്. അവർ ആരോപണങ്ങൾ പരിശോധിക്കട്ടെയെന്നും സുപ്രീംകോടതി നിലപാടെടുത്തു.
ശബരിമല, പമ്പ, നിലയ്‌ക്കൽ മേഖലകളിലെ വനഭൂമിയിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് 2018ൽ സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. വനഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾ വിലക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി. എന്നാൽ, മഹാപ്രളയത്തിലെ നാശനഷ്‌ടങ്ങൾ കാരണം അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |