
പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ തട്ടകമായ മലമ്പുഴയിൽ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായിരിക്കുകയും, പിന്നീട് സി.പി.എം പുറത്താക്കുകയും ചെയ്ത എ.സുരേഷിനെ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് ഒരുങ്ങുന്നു. കോൺഗ്രസ് നേതാക്കൾ സംസാരിച്ചെന്ന് സ്ഥിരീകരിച്ച സുരേഷ് പക്ഷേ, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചു.
' എന്തു കൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അങ്ങനെയൊരു വിളി
വന്നതെന്നറിയില്ല, ഇടതുപക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ അവർ സമീപിക്കുന്നുണ്ട്. അതിന്റെ കൂടെ തന്നോടും സംസാരിച്ചെന്നാണ് മനസിലാക്കുന്നത്'' സുരേഷ് പറഞ്ഞു.പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിഷയത്തിൽ അപ്പീലുകൾ കൊടുത്തെങ്കിലും അവരാരും മറുപടി തന്നിട്ടില്ല.. 12 വർഷമായി പുറത്താക്കിയിട്ട്. താൻ ഇപ്പോഴും പാർട്ടി അനുഭാവിയായി തുടരുകയാണ്. മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. ഇനി ചേരാനും ആഗ്രഹിക്കുന്നില്ല. അപ്പീലുകൾക്ക് മറുപടി ലഭിക്കാതിരുന്നപ്പോൾ പിന്നാലെ പോയില്ല. ഇടതുപക്ഷ മൂല്യങ്ങൾ മനസ്സിൽ എല്ലായ്‌പ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ സുരേഷുമായി പാർട്ടി നേതൃത്വം ചർച്ച ചെയ്തെന്നാണ് അറിവെന്നും തീരുമാനിക്കേണ്ടത് കെ.പി.സി.സിയും സ്‌ക്രീനിംഗ് കമ്മിറ്റിയുമാണെന്നും വി.കെ.ശ്രീകണ്ഠൻ എം.പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മലമ്പുഴ മണ്ഡലം
1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സി.പി.എം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരും ടി.ശിവദാസമേനോനും ഉൾപ്പെടെ പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാക്കന്മാർ പലവട്ടം പ്രതിനിധീകരിച്ചു. എ.പ്രഭാകരനാണ് സിറ്റിംഗ് എം.എൽ.എ..യു.ഡി.എഫ് കഴിഞ്ഞ രണ്ട് തവണയായി ബി.ജെ.പിക്കും പിന്നിൽ മൂന്നാമതായി . വി.എസിന്റെ വിശ്വസ്ത അനുയായിയായിരുന്ന എ.സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സർപ്രൈസ് നീക്കത്തിനാണ് കോൺഗ്രസ് ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |