SignIn
Kerala Kaumudi Online
Saturday, 27 April 2024 7.38 AM IST

വാടകവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ

kovalam

കോവളം: ഭർതൃഗൃഹത്തിൽ ഗാർഹിക പീ‌ഡനത്തിനിരയായി ജീവൻ വെടിഞ്ഞ വിസ്‌മയയുടെ വേർപാടിന്റെ വേദന മാറും മുമ്പ് മറ്റൊരു നോവായി വെങ്ങാനൂരിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ദുരൂഹ മരണം. വെങ്ങാനൂർ ചിറത്തലവിളാകം വീട്ടിൽ അശോകൻ-മോളി ദമ്പതികളുടെ ഏക മകൾ അർച്ചനയാണ് (22) പൊള്ളലേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഭർത്താവ് സുരേഷിനെ (26) ഇന്നലെ രാവിലെ കട്ടച്ചൽക്കുഴിയിലെ സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ ബന്ധുക്കൾ ആരോപിച്ചു.

കോട്ടുകാൽ കുഴിവിളയ്ക്ക് സമീപം പുലിവിളയിൽ സനലിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം എന്ന വീട്ടിലായിരുന്നു സുരേഷും അർച്ചനയും വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവ സമയത്ത് താൻ കുടുംബ വീടായ സിസിലിപുരത്തിനടുത്തുള്ള കട്ടച്ചൽകുഴിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നതായി സുരേഷ് പൊലീസിന് മൊഴി നൽകി.

ദേഹമാസകലം തീപടർന്ന അർച്ചനയുടെ നിലവിളി കേട്ട് വാടക കെട്ടിടത്തിന്റെ അതേ വളപ്പിൽതന്നെയുള്ള വീട്ടിൽ താമസിക്കുന്ന വീട്ടുടമ സനലും മറ്റൊരു വാടകക്കാരൻ സജിയും ഒാടിയെത്തി. തീകെടുത്താനുള്ള ഇരുവരുടേയും ശ്രമം വിഫലമായി. വിഴിഞ്ഞം പൊലീസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെൽഡിംഗ് തൊഴിലാളിയായ സുരേഷുമായുള്ള അർച്ചനയുടെ പ്രണയവിവാഹം ഒരു വർഷം മുമ്പായിരുന്നു. വിവാഹശേഷം സുരേഷിന്റെ കുടുംബ ഷെയർ വാങ്ങാനായി സുരേഷിന്റെ വീട്ടുകാർ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വെങ്ങാനൂരിലെ അർച്ചനയുടെ വീട്ടിലെത്തി ബഹളംവച്ചിരുന്നു. ഇതിനുപിന്നാലെ ഭർത്താവിന്റെ വീട്ടുകാരുമായി പിണങ്ങി അർച്ചന സുരേഷിനെയും കൂട്ടി വീടുവിട്ടിറങ്ങി. തുടർന്ന് മകളുടെ ആവശ്യ പ്രകാരം അശോകൻ ഇവർക്ക് വാടക വീടെടുത്ത് നൽകുകയായിരുന്നു.

ഇതിനിടെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ തലപൊക്കി. പലപ്പോഴും ഇതെല്ലാം അശോകൻ ഇടപെട്ട് ഒത്തുതീർത്തിരുന്നു. എന്നാൽ, വലിയ വഴക്കുകളൊന്നും മകൾ പിതാവിനെ അറിയിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ ഇരുവരും അർച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം 8.30ഓടെ മടങ്ങി. വീട്ടിലെത്തിയശേഷം മകൾ തന്നെ വിളിച്ചിരുന്നതായി അശോകൻ പറഞ്ഞു.

സുരേഷ് ഒരു കുപ്പിയിൽ ഡീസൽ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്തിനാണെന്ന് അന്വേഷിച്ചപ്പോൾ ഉറുമ്പ് ശല്യം ഒഴിവാക്കാനാണെന്നായിരുന്നു മറുപടിയെന്ന് അശോകൻ പറഞ്ഞു. വീട്ടിൽ നിന്ന് സന്തോഷവതിയായി മടങ്ങിയ മകൾ രണ്ടു മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്യാൻ ഒരു കാരണവുമില്ലെന്നും അശോകൻ പറഞ്ഞു.

ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ അപകട സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീട്ടിൽ വാങ്ങിവച്ചിരുന്ന ഡീസലാണോ തീകൊളുത്താൻ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്ന മൊഴി ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചതിന് ശേഷമേ ഉറപ്പാക്കാനാവൂയെന്ന് പൊലീസ് പറഞ്ഞു. അർച്ചനയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUSPECIOUS DEATH OF LADY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.