പയ്യന്നൂർ : ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങൾക്കും ഗുരുദേവ ദർശനങ്ങൾക്കും സ്വന്തം ജീവിതം കൊണ്ട് ഭാഷ്യം രചിച്ച ഗുരുദേവ ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥരുടെ പ്രവർത്തനങ്ങളുടെ മഹത്വം സ്വജീവിതത്തിൽ പകർത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ മാനവരാശി കടന്നു പോകുന്നതെന്ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു.
ശ്രീനാരായണവിദ്യാലയത്തിൽ (ആശ്രമം) സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവ പ്രതിമ അനാവരണം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ. ഗുരുദേവ ഉദ്ബോധനങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയാണ് സ്വാമി അനന്ദ തീർത്ഥൻ പ്രവർത്തിച്ചത്. അധഃസ്ഥിത സമൂഹത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനാണ് സ്വാമി ആനന്ദ തീർത്ഥൻ ജീവിതാവസാനം വരെ പ്രവൃത്തിച്ചത്. ഈ ഉദ്ദേശ്യലക്ഷ്യ പ്രാപ്തിക്കായാണ് 1931ൽ അദ്ദേഹം പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച് ഹരിജന കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി ജീവിത ഉന്നത ശ്രേണിയിലേക്ക് ഉയർത്തിക്കൊണ്ട് വന്നത്. ആരാധനാലയങ്ങളും വിദ്യാലയങ്ങളും പുരോഗമന ഔന്നത്യങ്ങളിലേക്ക് ഉയർന്നുവരാനുള്ള കേന്ദ്രങ്ങളായിരിക്കണമെന്ന ഗുരുദേവ വചനങ്ങൾ സ്വാമി ആനന്ദ തീർത്ഥൻ പ്രാവർത്തികമാക്കി സമൂഹത്തിന് മാതൃക തീർക്കുകയാണ് ചെയ്തതെന്നും ശുഭാംഗാനന്ദ സ്വാമികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |