
തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 40ൽനിന്ന് 50വയസാക്കിയ പശ്ചാത്തലത്തിൽ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്തും. കോളേജുകളിൽ 60 വയസുവരെയും സർവകലാശാലകളിൽ 65 വയസുവരെയും സർവീസ് അനുവദിക്കാനാണ് നീക്കം. സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, ലാ കോളേജുകൾ, സംസ്‌കൃത കോളേജുകൾ, അറബിക് കോളേജുകൾ എന്നിവിടങ്ങളിൽ ഇതു ബാധകമായിരിക്കും.
വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഉദ്യോഗാർത്ഥികൾക്കോ, സ്വകാര്യ മാനേജ്മെന്റുകൾക്കോ കോടതിയെ സമീപിച്ച് തടയാൻ കഴിയില്ല. നിലവിൽ കേരളത്തിലെ സർവകലാശാലകളിൽ 60 വയസിലാണ് വിരമിക്കൽ. കോളേജുകളിൽ 56 വയസിൽ പിരിയണം.
2010ലെ യു.ജി.സി ചട്ടപ്രകാരം അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചെങ്കിലും, ചട്ടത്തിലെ പെൻഷൻ പ്രായം 65എന്ന വ്യവസ്ഥ കേരളം അംഗീകരിച്ചിരുന്നില്ല. പശ്ചിമബംഗാൾ അടക്കം അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും അദ്ധ്യാപകരുടെ പെൻഷൻ പ്രായം 65ആണ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പെൻഷൻ പ്രായം ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നെറ്റ്, പിഎച്ച്.ഡി ബിരുദധാരികൾ ധാരളമുള്ള കേരളത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് യുവതീയുവാക്കളുടെ തൊഴിൽ അവസരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയുണ്ട്.
കേന്ദ്ര സർവകലാശാലകളിലേതുപോലെ കേരളത്തിലെ വാഴ്സിറ്റി അദ്ധ്യാപകരുടെ പെൻഷൻ പ്രായം 65 ആക്കണമെന്ന് പ്രൊഫ.ശ്യാം.ബി.മേനോൻ അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.
പ്രൊഫസർ ഒഫ് എമിനൻസ്
വിരമിക്കുന്ന അദ്ധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കേഡർ രൂപീകരിക്കണമെന്ന ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്. ഇവർക്ക് 'പ്രൊഫസർ ഒഫ് എമിനൻസ്' , 'ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർ' എന്നീ പദവികൾ നൽകും. അഞ്ചു വർഷത്തിനകം 50പേരെ ഇങ്ങനെ നിയമിക്കാനും ഇവർക്ക് പ്രൊഫസർമാരുടെ ശമ്പളം നൽകാനുമാണ് ശുപാർശ.
സർവകലാശാലകൾ- 16
എയ്ഡഡ് കോളേജുകൾ- 194
സർക്കാർ കോളേജുകൾ- 88
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |