
തൃശൂർ: ലക്ഷങ്ങൾ വിലയുള്ള വണ്ടുകൾ വരെയുണ്ട് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയത്തിൽ. പശ്ചിമഘട്ടത്തിലെ ഷഡ്പദവൈവിദ്ധ്യത്തിന്റെ അഞ്ചു ദശാബ്ദങ്ങളുടെ നേർക്കാഴ്ചയാണവ. ലക്ഷങ്ങൾ വിലയുള്ള, 12 സെന്റീ മീറ്റർ വരെ വലിപ്പമുള്ള സ്റ്റാഗ് ബീറ്റിൽ, എണ്ണമിനുപ്പുള്ള കൊളിയോപ്റ്ററ (ചെല്ലികൾ), കുഞ്ഞൻമാരായ ന്യൂറോപ്റ്ററ (കുഴിയാനകൾ).... ഇങ്ങനെ പോകുന്നു പീച്ചിയുലെ വണ്ട് വി.ഐ.പികൾ. സ്റ്റഫ് ചെയ്താണ് ഇവയെ പ്രദർശിപ്പിച്ചിട്ടുള്ളത്.
വംശനാശഭീഷണി ഉള്ളതിനാൽ ഇന്ത്യയിൽ ഷഡ്പദങ്ങളെ ശേഖരിക്കുന്നതും വിൽക്കുന്നതും നിയമവിധേയമല്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളിൽ മോഹവിലയ്‌ക്കാണ് വില്പന. രേഖകളില്ലാത്തതിനാൽ സഞ്ചാരികളിൽ നിന്ന് പിടിച്ചെടുക്കുന്ന അപൂർവ ഷഡ്പദങ്ങൾ ചൈന അടക്കമുള്ള രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. പല രാജ്യങ്ങളിലും ആചാരത്തിനും അലങ്കാരത്തിനും മ്യൂസിയങ്ങളുടെ പ്രദർശനമൂല്യം കൂട്ടുന്നതിനുമെല്ലാം ഷഡ്പദങ്ങളെ ഉപയോഗിക്കുന്നുണ്ട്.
വില്ലനായി കാലാവസ്ഥാവ്യതിയാനം
കാലാവസ്ഥാവ്യതിയാനം കാരണം വലിയ ഷഡ്പദങ്ങൾ പശ്ചിമഘട്ടത്ത് കുറയുന്നുണ്ട്. 1975ലാണ് മ്യൂസിയത്തിന്റെ തുടക്കം. ആദ്യ സ്‌പെസിമെൻ ഹോപ്പർ (ചാഴി ഇനം) ആയിരുന്നു. ഡോ. കെ.എസ്.എസ്. നായർ, ഡോ. ആർ.വി. വർമ്മ, ഡോ. ജോർജ് മാത്യു, ഡോ. വി.വി. സുധീന്ദ്രകുമാർ, ഡോ. കെ. മോഹൻദാസ്, ഡോ. ടി.വി. സജീവ്, ഡോ. ജിതു യു.കൃഷ്ണൻ തുടങ്ങിയവരുടെ ശ്രമഫലമായാണ് ഷഡ്പദശേഖരം രൂപപ്പെട്ടത്.
മ്യൂസിയത്തിലെ ഓർഡറുകൾ: 29
ആകെ സ്‌പെസിമെനുകൾ: 1,07,820
ശാസ്ത്രീയമായി ഡിജിറ്റലൈസ് ചെയ്തത്: 4,100
ഷഡ്പദ ഇനങ്ങൾ:
കൊളിയോപ്റ്ററ (ബീറ്റിലുകൾ, ചെല്ലികൾ), ലെപിഡോപ്റ്ററ (ശലഭങ്ങൾ, പാറ്റകൾ, സ്‌കിപ്പറുകൾ), ഒഡോണാറ്റ (തുമ്പികൾ), ഓർത്തോപ്റ്ററ (പുൽച്ചാടികൾ), ഹൈമെനോപ്റ്ററ (ഉറുമ്പുകൾ, തേൻവണ്ടുകൾ, കടന്നലുകൾ), ഹെമിപ്റ്ററ (ചാഴികൾ), ന്യൂറോപ്റ്ററ (ആൻഡ്ലൈയണുകൾ, കുഴിയാനകൾ), ഡിക്ടിയോപ്റ്ററ (പാറ്റകൾ), മാന്റിഡേ (മാന്റിസുകൾ), ഡിപ്റ്ററ (ഈച്ചകൾ).
ഗവേഷകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ മ്യൂസിയത്തിനാകും. ഇവിടെ ഷഡ്പദങ്ങളുടെ റെക്കാഡ് ചെയ്ത ശബ്ദവുമുണ്ട്.-ഡോ. കണ്ണൻ സി.എസ്. വാരിയർ, ഡയറക്ടർ, കെ.എഫ്.ആർ.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |