
കൊച്ചി: പൂജ അറിയാവുന്ന അദ്ധ്യാപകർക്ക് സർക്കാരിന്റെ കടുത്ത പാര. അന്യവീടുകളിൽ പൂജയ്‌ക്കു പോയി പ്രതിഫലം വാങ്ങിയെന്നറിഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശം. ക്ഷേത്രങ്ങളിലെ പാരമ്പര്യതന്ത്രിമാരെയും പാരമ്പര്യ അവകാശമുള്ളവരെയും ഇതു ബാധിക്കും.
പ്രത്യേകം പറയുന്നില്ലെങ്കിലും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, ക്രൈസ്തവരുൾപ്പെടെ മറ്റ് മതങ്ങളിലെ പുരോഹിതരും ഇതിന്റെ പരിധിയിൽ വരും.
ഇടത് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിനെതിരെ ഉയർന്ന പരാതിയാണ് വിചിത്രനിർദ്ദേശത്തിന് ആധാരം. കോഴിക്കോട് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ കെ.വി. ആനന്ദൻ പണം വാങ്ങി പൂജാകർമ്മങ്ങൾ ചെയ്യുന്നതായി സംസ്ഥാന വിജിലൻസിന് ലഭിച്ച പരാതി ഇന്റലിജൻസ് അന്വേഷിച്ച് ശരിവച്ചിരുന്നു. തിരുവനന്തപുരം ഇന്റലിജൻസ് എ.ഡി.ജി.പിയുടെ ഓഫീസ് നവംബർ ഒന്നിന് കോഴിക്കോട് കളക്ടർക്ക് രഹസ്യറിപ്പോർട്ട് അയച്ചു. സർവീസ് ചട്ടങ്ങൾ ലംഘിച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും പണവും പാരിതോഷികവും പറ്റുന്നത് അച്ചടക്കലംഘനമാണെന്നുള്ള ഉത്തരവ് ഇറക്കണമെന്ന്ആവശ്യപ്പെട്ട് നവംബർ നാലിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ കളക്ടറുടെ കത്ത് ലഭിച്ചു. ആനന്ദനാകട്ടെ ഹയർ സെക്കൻഡറി വകുപ്പിന് കീഴിലുള്ളയാളാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ മറ്റ് നടപടികളിലേക്കെത്തിയില്ല.
അദ്ധ്യാപകർ പൂജ ചെയ്യുന്നതിലുള്ള വിരോധമാണോ വ്യക്തി, രാഷ്ട്രീയ വൈരാഗ്യമാണോ പരാതിക്കു പിന്നിലെന്ന് വ്യക്തമല്ല. സി.പി.ഐയുടെ അദ്ധ്യാപക സംഘടനയായ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയംഗമാണ് ആനന്ദൻ. നാലുവട്ടം ജില്ലാ പ്രസിഡന്റുമായിരുന്നു.
കോക്കല്ലൂരിലെ പാവപ്പെട്ട തൊഴിലാളിയുടെ വീട് താമസത്തിന് ഗണപതി ഹോമവും ഭഗവതി സേവയും ശ്രീവിദ്യോപാസകനായ ആനന്ദൻ നടത്തിയതാണ് പ്രശ്നമായത്. കോഴിക്കോട്ടെ ശ്രേഷ്ഠാചാരസഭാംഗമാണ് പിന്നാക്ക സമുദായാംഗമായ ആനന്ദൻ. ഉപാസനയ്‌ക്കായല്ലാതെ ധനത്തിനായി പൂജാ കർമ്മങ്ങൾ ചെയ്യുന്നവരല്ല ശ്രീവിദ്യോപാസകർ. 20ഓളം വർഷത്തെ സാധനയിലൂടെ 18 ഘട്ടങ്ങൾ പിന്നിട്ടാണ് ഇവർ പൂർണദീക്ഷയിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |