
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നേടണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപക, എ.ഇ.ഒ സ്ഥാനക്കയറ്റ നടപടികൾ തുടങ്ങിയതിൽ അദ്ധ്യാപകർക്ക് ആശങ്ക.
ആദ്യഘട്ടത്തിൽ 12 വർഷം സർവീസും വകുപ്പുതല പരീക്ഷയും യോഗ്യതാ പരീക്ഷയായ കെ-ടെറ്റും പാസായവർ മാത്രം കോൺഫിഡൻഷ്യൽ റിപ്പോർട്ട് ( സി.ആർ)നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇപ്പോൾ എല്ലാവർക്കും അവസരം നൽകിയിട്ടുണ്ട്. കോടതി വിധിപ്രകാരം കെ-ടെറ്റ് നിർബന്ധമാക്കിയാൽ, നിരവധി അദ്ധ്യാപകർ സ്ഥാനക്കയറ്റ പട്ടികയിൽ നിന്ന് പുറത്താവും.
സർവീസിലുള്ള അദ്ധ്യാപകർക്കായി ഫെബ്രുവരിയിൽ കെ-ടെറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും, സി.ആർ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15 ആണ്. പരീക്ഷാഫലം വരുന്നത് വരെ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.2025 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ഹൈസ്‌കൂൾ അദ്ധ്യാപക സീനിയോറിറ്റി പട്ടികയിലെ ആദ്യ 7,000 റാങ്കുകാർ ജനുവരി 15-നകം സി.ആർ സമർപ്പിക്കണം. 20 വർഷത്തിലധികം സർവീസുള്ള മുന്നൂറോളം അദ്ധ്യാപകർക്കാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടത്.
'കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത് വരെ നടപടികൾ ക്രമീകരിക്കുകയോ യോഗ്യതാ പരീക്ഷ അടിയന്തരമായി നടത്തുകയോ ചെയ്യണം. '
-ടി.കെ.എ ഷാഫി
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |