SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.29 PM IST

ഭിന്നശേഷി സംവരണ നിയമനം അദ്ധ്യാപക പ്രതിനിധികൾ കോടതിയിൽ എതിർക്കുന്നു: മന്ത്രി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷ അദ്ധ്യാപക പ്രതിനിധികളുടെ എതിർപ്പുമൂലം കോടതി പരിഗണിച്ചില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന സർക്കാരിന്റെ അപേക്ഷയാണ് അദ്ധ്യാപക പ്രതിനിധികളുടെ വിയോജിപ്പ് കാരണം മാറ്റിവച്ചത്.


എൻ.എസ്.എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവയ്ക്കേണ്ട തസ്തികകൾ ഒഴികെ മറ്റുള്ളവയിൽ അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതേ ആനുകൂല്യം മുഴുവൻ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും ലഭ്യമാക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, കോടതിയിൽ അദ്ധ്യാപക പ്രതിനിധികൾ ഇതിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഒപ്പം മാനേജ്‌മെന്റ് പ്രതിനിധികളും സർക്കാരിന് പിന്തുണയുമായി എത്തിയില്ല.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ 50ഓളം നിർദ്ദേശങ്ങളും പ്രത്യേക കൈപ്പുസ്തകവും സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനകം 1500ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകുകയും ജനുവരി 24ന് 431 പേർക്കുകൂടി നിയമന ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താൻ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അദ്ധ്യാപകരുടെ ക്ഷേമത്തിനായി സർക്കാർ നടത്തുന്ന നീക്കങ്ങളോട് അദ്ധ്യാപക പ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

TAGS: TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY