തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ ഡോ.എ.പ്രവീണിനും പരീക്ഷാ കൺട്രോളർ ഡോ.ആനന്ദ രശ്‌മിക്കും പുനർനിയമനം നൽകാനുള്ള സർക്കാരിന്റെ ശുപാർശ വൈസ്ചാൻസലർ ഡോ.കെ.ശിവപ്രസാദ് തള്ളി. ശുപാർശ നിയമപരമല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയില്ലെന്ന് വി.സി സർക്കാരിനെ അറിയിച്ചു. പരീക്ഷാ കൺട്രോളറുടെ കാലാവധി ജനുവരി 24നും രജിസ്ട്രാറുടേത് ഇന്നലെയും അവസാനിച്ചു. രജിസ്ട്രാറോട് ചുമതലയൊഴിയാൻ വി.സി ആവശ്യപ്പെട്ടു. ജോയിന്റ് രജിസ്ട്രാർക്കും, ഡീനിനും താത്കാലിക ചുമതല കൈമാറി.
രജിസ്ട്രാർ, പരീക്ഷാ- ഫിനാൻസ് കൺട്രോളർമാർ എന്നിവർക്ക് സിൻഡിക്കേറ്റ് ശുപാർശയോടെ ഒരുവട്ടം പുനർനിയമനം നൽകാമെന്നാണ് സർവകലാശാലാ നിയമത്തിലുള്ളത്. ഇതിന് സർക്കാർ അനുമതി വേണം. ജനുവരി 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ബഹളത്തെതുടർന്ന് വി.സി റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റംഗങ്ങൾ സമാന്തരയോഗം ചേർന്നു. ഇതിൽ രജിസ്ട്രാറുടെ പുനർനിയമനത്തിന് സിൻഡിക്കേറ്റിന്റെ ശുപാർശയുണ്ടെന്ന് സർക്കാരിനെ അറിയിച്ചു. ഇതുപ്രകാരമാണ് പുനർനിയമനത്തിന് സർക്കാർ ശുപാർശ ചെയ്തത്. സമാന്തരയോഗത്തിലെ തീരുമാനങ്ങളെല്ലാം റദ്ദാക്കി വി.സി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ റിട്ട് ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. വിശദവാദം 10ന് കേൾക്കാനിരിക്കെയാണ് സർക്കാരിന്റെ ശുപാർശയെത്തിയത്.
ഡോ.ആനന്ദ രശ്‌മിയുടെ കാലാവധി ജനുവരിയിൽ കഴിഞ്ഞയുടൻ പുനർനിയമനത്തിന് വി.സി സർക്കാരിന് ശുപാർശ ചെയ്തിരുന്നു. സിൻഡിക്കേറ്റ് തീരുമാനമില്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ കാരണം പറഞ്ഞാണ് സർക്കാരിന്റെ ശുപാർശ വി.സിയും തള്ളിയത്. വി.സിയുടെ അനുമതിയില്ലാതെ തനിക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതായി ഡോ.പ്രവീൺ സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ശുപാർശ. സർവകലാശാലാ നിയമഭേദഗതിപ്രകാരം രജിസ്ടാർമാരുടെ കാലാവധി നാലുവർഷമായി നിജപ്പെടുത്തിയിരുന്നു. ഡോ.പ്രവീൺ കോട്ടയം ആർ.ഐ.ടിയിലെയും ഡോ.ആനന്ദരശ്മി ഐ.എച്ച്.ആർ.ഡി കോളേജിലെയും അദ്ധ്യാപകരാണ്.
സാങ്കേതിക വി.സിയുടെ
നടപടി നിയമവിരുദ്ധമെന്ന്
തിരുവനന്തപുരം: രജിസ്ട്രാറെയും പരീക്ഷാ കൺട്രോളറെയും പുനർനിയമിക്കാനുള്ള സർക്കാരിന്റെ ശുപാർശ തള്ളിയ സാങ്കേതിക സർവകലാശാല വി.സിയുടെ നടപടി നിയമവിരുദ്ധവും നിയമ സംവിധാനത്തോടുള്ള അനാദരവുമാണെന്ന് സിൻഡിക്കേറ്റ്. നിയമനാധികാരി സിൻഡിക്കേറ്റ് ആണെന്നിരിക്കെയാണ് വി.സിയുടെ നടപടി. രണ്ടുമാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് ചേരണമെന്ന ചട്ടം വി.സി പാലിക്കുന്നില്ല. രജിസ്ട്രാറെ നീക്കം ചെയ്യാൻ സിൻഡിക്കേറ്റിന്റെ ശുപാർശ വേണ്ടതാണ്. സർവകലാശാലയുടെ കത്തിടപാടുകൾ രജിസ്ട്രാറാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |