
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐ.ടി മേഖലയിലെ പൊൻതൂവലുകളിലൊന്നായ ടെക്‌നോപാർക്കിന് ചുക്കാൻ പിടിച്ചിരുന്ന സി.ഇ.ഒ കേണൽ സഞ്ജീവ് നായർ(റിട്ട.) സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിൽ ഒന്നും 35 വർഷത്തിലേറെ പാരമ്പര്യവുമുള്ള ടെക്‌നോപാർക്കിനെ മൂന്ന് വർഷമാണ് അദ്ദേഹം നയിച്ചത്.
അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ക്വാഡ്, കേരള സ്‌പേസ് പാർക്ക്, എമർജിംഗ് ടെക് ഹബ്, കേരള ഡിഫൻസ് ഇനവേഷൻ സോൺ (കെ.ഡി.ഐ.ഇ.എസ്), ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (ജി.സി.സി) തുടങ്ങിയ പുത്തൻ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി 80,000 പ്രൊഫഷണലുകളെ ഉൾക്കൊള്ളുന്ന 500 കമ്പനികളിലേക്ക് ടെക്‌നോപാർക്ക് വികസിച്ചു.
ഭരണത്തിലും നയപരമായ കാര്യങ്ങളിലും ഗുണകരമായ വിവിധ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ കേണൽ സഞ്ജീവ് നായർക്ക് (റിട്ട.) കഴിഞ്ഞു. ടെക്‌നോപാർക്ക് ഫേസ്4(ടെക്‌നോസിറ്റി) വിപുലീകരണത്തിന് സമഗ്ര മാസ്റ്റർപ്ലാൻ പുറത്തിറക്കുന്നതിലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുണ്ട്.
വേൾഡ് ട്രേഡ് സെന്റർ നിർമ്മാണത്തിനായി ബ്രിഗേഡ് ഗ്രൂപ്പുമായും ഫേസ് വണ്ണിൽ മറ്റൊരു ഐ.ടി കെട്ടിടത്തിനായി കാസ്പിയൻ ടെക്പാർക്ക്സുമായും ധാരണാപത്രവും ഒപ്പുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |