
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെതിരായ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി മരവിപ്പിക്കണമെങ്കിൽ വെറുതേ വിടാനുള്ള വ്യക്തമായ സാദ്ധ്യത തന്നെ വേണമെന്ന് ഹൈക്കോടതി. വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
തെളിവുകളെല്ലാം ഈ ഘട്ടത്തിൽ പരിശോധിച്ചു വിലയിരുത്താനാകില്ല. നിയമസഭയുടെ കാലാവധി അവസാനിക്കാറായി. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. മണ്ഡലത്തിന്റെ അവകാശങ്ങൾക്കായി ജനപ്രതിനിധിയായി തുടരണമെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പില്ല.
നിയമപരമായ നടപടികളിലൂടെയാണ് ശിക്ഷ വിധിച്ചത്. അതിനാൽ, മറ്റു പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും അനുഭവിക്കാനാകില്ല. തിരുവനന്തപുരം സെഷൻസ് കോടതിയിലുള്ള അപ്പീലിന് ഈ നിരീക്ഷണങ്ങൾ ബാധകമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എം.എൽ.എ ആയി തുടരേണ്ടത് മണ്ഡലത്തിന്റെ കൂടി അവകാശമാണെന്നും കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചാലേ തുടർന്ന് മത്സരിക്കാനാകൂവെന്നും ആന്റണി രാജു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെഷൻസ് കോടതിയിലെ വിചാരണയിൽ കുറ്റവിമുക്തനാക്കാൻ 50 ശതമാനം സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ വിധി മരവിപ്പിക്കാനുള്ള അർഹതയുണ്ട്. കുറ്റക്കാരനായി തുടരുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും വാദിച്ചു.
ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിധികൂടിയായതിനാൽ ആന്റണി രാജുവിന് ഇനി സുപ്രീംകോടതിയിൽ മാത്രമേ അപ്പീൽ നൽകാനാകൂ.
ധാർമ്മികത ഓർമ്മിപ്പിച്ച്
ഹൈക്കോടതി
കൊച്ചി: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ഹർജി തള്ളിയ ഉത്തരവിൽ രാഷ്ട്രീയ ധാർമ്മികത ഓർമ്മിപ്പിച്ച് ഹൈക്കോടതി. ക്രിമിനൽ കേസിൽ മുൻ എം.പിയും ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്പെൻഡ് ചെയ്ത ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ആന്റണി രാജു വാദിച്ചത്.
എന്നാൽ സിദ്ദു ധാർമ്മികത ഉയർത്തിപ്പിടിച്ച് എം.പി സ്ഥാനം രാജിവച്ച ശേഷമാണ് കോടതിയെ സമീപിച്ചത്. ഈ കേസിൽ അങ്ങനെയുണ്ടായില്ല. മാത്രമല്ല, കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ കുറ്റമാണ് ഹർജിക്കാരനെതിരെ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയതെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ നിരീക്ഷിച്ചു.
രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രധാന വാദം. നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാനുള്ള അവകാശം തടയപ്പെടുന്നത് നിയമപരമായ അനന്തരഫലം മാത്രമാണെന്നും, അത് സ്റ്റേ നൽകാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ടു വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവർക്ക് അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥ ജനപ്രാതിനിധ്യ നിയമത്തിലുള്ളത് കളങ്കിതരെ ജനസമൂഹത്തിൽ നിന്ന് അകറ്റി നിറുത്താനാണ്. ജനപ്രതിനിധികളുടെ സംശുദ്ധി ഉറപ്പാക്കാനാണിത്. അതീവ ജാഗ്രതയോടെ മാത്രമേ കോടതിക്ക് ഈ വിഷയത്തെ സമീപിക്കാൻ കഴിയൂവെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |