തിരുവനന്തപുരം: സുദീപ്തോ സെൻ സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ദ കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ രാഷ്ട്രീയവിവാദം പുകയുന്നു. സംസ്ഥാനത്തെ 33,000 പെൺകുട്ടികളെ മതംമാറ്റിയെന്ന സൂചനയുള്ള സിനിമ കേരളത്തെ അപമാനിക്കുന്നതിനാൽ പ്രദർശനാനുമതി നൽകരുതെന്നാണ് സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗുമടക്കം ആവശ്യപ്പെടുന്നത്. ലീഗ് - സി.പി.എം തർക്കത്തിനും ഇടയാക്കി.
ക്രൈസ്തവ സമ്പർക്കം ശക്തമാക്കുന്ന സംഘപരിവാർ, ക്രൈസ്തവമേഖലയിൽ നിലനിൽക്കുന്ന മുസ്ലിം വിരുദ്ധത മുതലെടുക്കാൻ സിനിമയെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ്. സിനിമയ്‌ക്കായി പ്രചാരണം സജീവമാക്കാനാണ് അവരുടെ നീക്കം.
സിനിമാപ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ പിന്തുണ സ്വരൂപിക്കാനുള്ള അവസരമാക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്.
ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കുന്ന സി.പി.എമ്മിന് തടയിടാൻ, സിനിമയെ ആയുധമാക്കാൻ ലീഗ് ശ്രമിക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ നടത്തിയ ചില പരാമർശങ്ങളാണ് സിനിമയ്‌ക്ക് ആധാരം എന്ന ലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാമിന്റെ ആരോപണം ഇത് വ്യക്തമാക്കുന്നു. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാൻ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്ന സൂചനയോടെ വി.എസ് നടത്തിയ പരാമർശമാണ് സലാം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ച പശ്ചാത്തലത്തിൽ വി.എസ് നടത്തിയ പ്രസ്താവനയെ ദുർവ്യാഖ്യാനിക്കുകയാണ് ലീഗ് നേതൃത്വമെന്നാണ് സി.പി.എമ്മിന്റെ തിരിച്ചടി. കൈവെട്ട് കേസുൾപ്പെടെ നടന്ന സമയമായിരുന്നു അത്. ലീഗിന്റെ ആരോപണം പോപ്പുലർഫ്രണ്ട് പോലുള്ള സംഘടനകളുമായുള്ള ലീഗിന്റെ ബാന്ധവത്തെ കാണിക്കുന്നുവെന്നും സി.പി.എം പ്രചാരണമുണ്ട്. ന്യൂനപക്ഷങ്ങൾ അനർഹമായ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞില്ലേയെന്നും ചോദ്യമുണ്ട്.
സിനിമയുടെ കഥ ഇങ്ങനെ
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തം. ഒരു കോളേജിലെ മൂന്ന് പെൺകുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ഭീകര സംഘടനയായ ഐസിസിൽ ചേരുന്നു.
മേയ് 5ന് തിയേറ്ററുകളിലെത്തും. അദാ ശർമയാണ് നായിക.
കേരളത്തെ മോശമാക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്നു എന്നെല്ലാമാണ് സിനിമയ്ക്കെതിരായ വിമർശനങ്ങൾ.
കേരള സ്റ്റോറിയിലൂടെ
വെല്ലുവിളിക്കുന്നു:
കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരള സ്റ്റോറി എന്ന സിനിമയിലൂടെ സംഘപരിവാർ കേരളീയരെയും കേരളത്തെയും വെല്ലുവിളിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിടുന്ന ഈ സിനിമ നിരോധിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മതസൗഹാർദ്ദത്തിന് വിലകല്പിക്കുന്ന കേരളത്തിൽ ഇത് ചെലവാകില്ല. പക്ഷേ,മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഉപയോഗിക്കും. ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്നല്ല,പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തട്ടിപ്പും വർഗീയ പ്രചാരണവുമാണെന്നാണ് പറയേണ്ടത്. സർക്കാർ തടഞ്ഞില്ലെങ്കിൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |