മുംബയ്: വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റും പത്ത് ഉപാധികളോടെ പ്രദർശനാനുമതിയും നൽകി സെൻസർബോർഡ്.
മുൻ മുഖ്യമന്ത്രി വി. എസ് അച്ചുതാനന്ദന്റെ അഭിമുഖം ഒഴിവാക്കണം, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് എന്ന പ്രയോഗം പാടില്ല തുടങ്ങിയവയാണ് ഉപാധികൾ. സെൻസർ ബോർഡ് വ്യവസ്ഥകൾ അംഗീകരിച്ച് മാറ്റങ്ങൾ വരുത്തുമെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനയിൽ നിന്നാണ് തനിക്ക് സിനിമയുടെ ആശയം ലഭിച്ചത്. അദ്ദേഹത്തിന്റെ അഭിമുഖം ഒഴിവാക്കുമെങ്കിലും ആ സംഭാഷണം മറ്റൊരു രീതിയിൽ സിനിയിൽ ഉൾക്കൊള്ളിക്കും. സിനിമയെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്. ഇസ്ലാമിനെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശവും ഇല്ല. സിനിമയ്ക്കായി ബി.ജെ.പിയുടെയോ കേന്ദ്രസർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ നിർമ്മിച്ചത്. ഭീകരതയ്ക്ക് എതിരെയാണ് സിനിമ. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിക്കുന്നതാണ് പ്രമേയം. ലൗ ജിഹാദ് എന്ന പരാമർശം ഇല്ല. മതപരിവർത്തനത്തിലൂടെ രാജ്യം വിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നു. - സുദീപ്തോ സെൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സിനിമയുടെ യുട്യൂബ് ട്രെയിലർ വിവരണം തിരുത്തി. കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ എന്നത് കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് തിരുത്ത്. 32,000 പെൺകുട്ടികൾ ഐ.എസിൽ ചേർന്നുവെന്ന പരാമർശം വിവാദമായിരുന്നു.
ഒഴിവാക്കേണ്ടത്
1.മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം
2.പാകിസ്ഥാൻ വഴി അമേരിക്ക ഭീകരരെ സഹായിക്കുന്നു
3.കമ്മ്യൂണിസ്റ്റ് നേതാക്കൾ ഹൈന്ദവ ആചാരങ്ങൾ അനുവദിക്കുന്നില്ല
4.ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള അനുചിതമായ പരാമർശങ്ങൾ
5.ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ കാപട്യക്കാർ എന്നതിലെ 'ഇന്ത്യൻ' എന്ന പദം
6. വേശ്യകൾ എന്ന പദം ഒഴിവാക്കി ലൈംഗിക അടിമകൾ എന്നാക്കണം
മറ്റു നിർദ്ദേശങ്ങൾ
7.ആലംഗിർ, ഔഗംഗസീബ്, ഐ.എസ്.ഐ.എസ് എന്നിവയുടെ തെളിവുകൾ വേണം
8. സിനിമയുടെ അവസാനം പറയുന്ന അബ്ദുൽ, റമീസ് എന്നിവരെ കുറിച്ച് വിശദീകരണം
9. സിനിമയിലെ കണക്കുകളുടെ രേഖാമൂലമുള്ള തെളിവ്
10. മലയാളം ഗാനങ്ങൾക്ക് സബ് ടൈറ്റിൽ നൽകണം
രാഷ്ട്രീയ ലക്ഷ്യം
വ്യക്തമെന്ന്
ലത്തീൻസഭ
കൊച്ചി: ക്രൈസ്തവവിശ്വാസങ്ങളെ ഹനിക്കുന്ന 'കക്കുകളി"യെന്ന നാടകത്തിനെതിരെ സഭകൾ ഉന്നയിച്ച പ്രതിഷേധം കാര്യമായെടുക്കാത്തവർ ദ കേരള സ്റ്റോറിയെന്ന സിനിമയ്ക്കെതിരെ നടത്തുന്ന രൂക്ഷവിമർശനത്തിന്റെ കാരണം വ്യക്തമെന്ന് ലത്തീൻ കത്തോലിക്കാസഭ. നാടകം നിരോധിക്കണമെന്ന കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) നിലപാടാണ് ലത്തീൻ സഭയ്ക്കുമെന്ന് സഭാ രാഷ്ട്രീയകാര്യസമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ പറഞ്ഞു.
പ്രദർശനം
വിലക്കണം:
ആർ.എസ്.പി
തിരുവനന്തപുരം:മത,വർഗീയ സ്പർദ്ധയ്ക്ക് വഴിതെളിക്കാവുന്ന കേരള സ്റ്റോറി സിനിമയ്ക്ക് കേരള സർക്കാർ പ്രദർശനാനുമതി നൽകരുതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോണും എൻ.കെ.പ്രേമചന്ദ്രൻ എം.പിയും ആവശ്യപ്പെട്ടു. മതം മാറ്റത്തിന്റെ പേരിൽ നുണ പ്രചരിപ്പിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. മത വിഭാഗീയത വളർത്തി രാഷ്ട്രീയമായി മുതലെടുക്കുന്നതും പിന്നീട് തള്ളിപ്പറയുന്നതും സി.പി.എം ശൈലിയാണ്. മത രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം -ബി.ജെ.പി ധാരണയുടെ ഉത്പന്നമാണ് കേരള സ്റ്റോറി സിനിമ .
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ
മതസ്പർദ്ധ വളർത്തരുത്: വി.ഡി.സതീശൻ
കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ മതസ്പർദ്ധ വളർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സങ്കീർണമായ അവസ്ഥയിലൂടെയാണ് സമൂഹം കടന്നുപോവുന്നത്. കക്കുകളി നാടകം പരിശോധിക്കപ്പെടണം. ദ കേരള സ്റ്റോറി സിനിമയുടെ ട്രെയിലർ ഇറങ്ങിയതുകൊണ്ടാണ് പെട്ടെന്ന് വിവാദമായത്. സിനിമയിൽ സെൻസർ ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാൽ നാടകത്തിൽ അതില്ല. നാടകത്തിന്റെ വിഷയത്തിൽ ഇടപെടേണ്ടത് സർക്കാരാണ്. സിനിമയായാലും നാടകമായാലും മതവികാരം വ്രണപ്പെടുത്തരുത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർദ്ധയുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്നതാണ് യു.ഡി.എഫ് നിലപാട്.
ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത്. അതിന് പിന്നാലെ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കും. ഇതാണ് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് സംഘപരിവാർ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കക്കുകളി പ്രദർശനം
നിരോധിക്കണം:
കർദ്ദിനാൾ മാർ ക്ലീമിസ്
തിരുവനന്തപുരം: കക്കുകളി നാടകത്തിന്റെ പ്രദർശനം കേരളത്തിൽ നിരോധിക്കണമെന്ന് കർദ്ദിനാൾ മാർ ക്ലീമിസ് ആവശ്യപ്പെട്ടു . സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ക്രൈസ്തവ സന്യാസിനികൾക്കെതിരെ അവഹേളനമാണ് നാടകത്തിന്റെ ഉള്ളടക്കം. വിമർശിക്കുന്നതല്ല വിഷയം. സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച് അവഹേളിക്കുന്ന നീചമായ പ്രവർത്തിയാണ് നാടകത്തിലേതെന്നും. നാടകത്തിൽ പ്രത്യേകമായി കലാമൂല്യമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മതവികാരത്തെ വ്രണപ്പെടുത്തുന്ന
ഒരു സൃഷ്ടിയും ശരിയല്ല: സജി ചെറിയാൻ
ആലപ്പുഴ : കക്കുകളി നാടക വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവികാരം വ്രണപ്പെടുത്തുന്ന സമീപനം ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കക്കുകളിയാണെങ്കിലും കൊക്കുകളിയാണെങ്കിലും മതവികാരത്തെ അപമാനിക്കുന്ന ഒരു സൃഷ്ടിയും ശരിയല്ല. കേരള സ്റ്റോറി എന്ന സിനിമ ജനങ്ങൾ ബഹിഷ്ക്കരിക്കണം. നിയമപരമായ വഴികൾ സർക്കാർ പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ അജൻഡയാണ് കേരള സ്റ്റോറിക്ക് പിന്നിലെന്നും സജി ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |