SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

പ്രധാനമന്ത്രിയെ കാണാൻ വി വി രാജേഷ് നാളെ ഡൽഹിയിലേക്ക്; ലക്ഷ്യം ഒന്നുമാത്രമെന്ന് മേയർ

Increase Font Size Decrease Font Size Print Page
vv-rajesh

തിരുവനന്തപുരം: മേയർ വി വി രാജേഷും ബിജെപി കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ഡൽഹിലേക്ക് പോകുന്നത്. തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിവരം.

ട്രെയിൻ മാർഗമാണ് സംഘം യാത്ര ചെയ്യുക. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കെെമാറിയിട്ടുണ്ടെന്നും വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.

അതേസമയം, തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്‌പാകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വി വി രാജേഷ് അറിയിച്ചു. സ്‌പാകളുടെ മറവിൽ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

'തിരുവല്ലയിൽ സ്പാ സെന്ററിന്റെ മറവിൽ നടന്ന സംഭവം കേരള മനഃസാക്ഷിയെ മുഴുവൻ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ വലിയ ആഘാതമുണ്ടാക്കും. ഈ പശ്ചാത്തലത്തിൽ പൊലീസുകാരുമായി ഒരു ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരവും ഇതിൽ നിന്ന് മുക്തമല്ലയെന്നുള്ള വിവരമാണ് ലഭിച്ചത്. തിരുവനന്തപുരം കോർപറേഷൻ കൊടുത്തിരിക്കുന്ന എല്ലാ സ്പാകളുടെയും ലൈസൻസ് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ പരിശോധനയും നടത്തും'- വി വി രാജേഷ് പറഞ്ഞു.

TAGS: VV RAJESH, TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY