
തൃശൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ 15 ശതമാനം വോട്ടുവിഹിതം പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ശതമാനമാക്കാൻ കഴിഞ്ഞെന്നും ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ 30 ശതമാനമാക്കി ഉയർത്താനാകുമെന്നും എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. 12 വർഷമായി കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ഭരണനേട്ടങ്ങളും കാണുന്നവർ എൻ.ഡി.എയ്ക്ക് വോട്ട് നൽകും. ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഇടതും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ യു.ഡി.എഫും പ്രതിരോധത്തിലാണ്. ഇതൊന്നും ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിഷയമാക്കുന്നില്ല. അന്വേഷണം പൂർത്തിയാക്കി ശരി തെറ്റുകൾ പുറത്തുവരട്ടെ. ശബരിമലയിൽ സത്യം പുറത്തുവരണമെങ്കിൽ 30 വർഷത്തെ ഓഡിറ്റിംഗ് ആവശ്യമാണ്.
തിരുവാഭരണംപോലും ഒറിജിനലാണോയെന്ന് പരിശോധിക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ഭൂരിഭാഗം സീറ്റിലും എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തൃശൂർ കോർപറേഷനിലും ഈ മുന്നേറ്റം കണ്ടു. തൃശൂരിലും തിരുവനന്തപുരത്തും ഇക്കുറി അനുകൂല ഫലമുണ്ടാകുമെന്നും തുഷാർ അവകാശപ്പെട്ടു
ജന. സെക്രട്ടറി എല്ലാവരെയും
വിമർശിക്കാറുണ്ട്
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൽ.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ എൻ.ഡി.എയുടെയോ നേതാവല്ലെന്നും എല്ലാവരെയും വിമർശിക്കാറുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സമുദായ നേതാവാണ്. സർക്കാരിനെയും പ്രതിപക്ഷത്തെയും എൻ.ഡി.എയെയും വിമർശിക്കാറുണ്ട്. സമുദായത്തിന്റെ ആവശ്യങ്ങൾക്കെതിരെ സംഘടനകളോ പാർട്ടികളോ നിന്നാൽ ശക്തമായി എതിർക്കും. നല്ല കാര്യം ചെയ്യുമ്പോൾ നല്ലതെന്നും മോശം ചെയ്യുമ്പോൾ മോശമെന്നും പറയും. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം പറഞ്ഞിട്ടില്ല. എല്ലാ പാർട്ടിയിൽപ്പെട്ടവരും യോഗത്തിലുണ്ട്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |