
പുൽപ്പളളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമന്റെ (മാരൻ-70) മൃതദേഹം സംസ്‌കരിച്ചു.പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ വൈകിട്ട് നാലുമണിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. പുൽപ്പള്ളി ദേവർഗദ്ദ ഉന്നതിയിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. വൻ ജനാവലിയുടെനേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രതിഷേധം കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ്‌സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. രാവിലെ ഉന്നതിക്കാരുടെ ഏറെനേരത്തെ പ്രതിഷേധങ്ങൾക്കുശേഷമാണ് ബന്ധുക്കൾ പോസ്റ്റുമോർട്ട നടപടികൾക്ക് അനുമതി നൽകിയത്.കഴിഞ്ഞ ദിവസം വനത്തിൽ വിറക്‌ശേഖരിക്കുന്നതിനിടെയാണ് മാരനെ കടുവ കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ പോസ്റ്റുമോർട്ട നടപടികൾക്ക് ബന്ധുക്കൾ പോകാൻ തയ്യാറായില്ല. തുടർന്ന് എ.ഡി.എം ഇൻ ചാർജ് മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉന്നതിയിലെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. ആദ്യ ഘട്ടത്തിൽ ജില്ലാ കളക്ടർ ഉന്നതിയിലെത്തി. കുടുംബത്തിന് ആദ്യ ഘട്ടമായി 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. ഇതിൽ ആറുലക്ഷം രൂപ ഇന്നലെ കൈമാറി. കൊല്ലപ്പെട്ട മാരന്റെ മകന് ജോലി നൽകുമെന്നും ഉറപ്പ് ലഭിച്ചു. കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കുമെന്നും ,ദേവർഗദ്ദ ഉന്നതിയിലുള്ള കൂമന്റെ കുടുംബത്തെ രണ്ട് ദിവസത്തിനകം ജില്ലാ കളക്ടർ സന്ദർശിക്കുമെന്നും എ.ഡി.എം ഉറപ്പുനൽകി. തുടർന്നാണ് ബന്ധുക്കൾ പ്രതിഷേധത്തിൽ നിന്നും പിന്മാറിയത്.
#
പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിദ്ധ്യം
പുൽപ്പള്ളി: ഇതിനിടെ കന്നാരം പുഴയോരത്തെ മാടപ്പള്ളിക്കുന്ന് ഉന്നതിക്ക് സമീപം വീണ്ടും കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനപാലകരും പൊലീസും ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം കടുവ കൂമനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും ഏറെ അകലെയല്ല ഈ പ്രദേശം.കാലിന് പരിക്കുള്ള കടുവയെന്ന് വനപാലകർ പറഞ്ഞു.രണ്ട് തവണ അതിർത്തിയിൽ നിന്ന് കാട് കയറ്റി വിട്ടെങ്കിലും കടുവ ഉൾവനത്തിലേക്ക് പോയിട്ടില്ല. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |