
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം സർക്കാർ രണ്ട് മണിക്കൂർ കൂട്ടി. പക്ഷേ, കേരളത്തിന്റെ സ്വന്തം കള്ളിന് അവഗണന. കള്ളിന്റെ വില്പന സമയം കൂട്ടണമെന്ന ലൈസൻസികളുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചു. ദൂരപരിധിയിലുമുണ്ട് ഒരു ന്യായവുമില്ലാത്ത വേർതിരിവ്.
കള്ള് കേരളത്തിന്റെ തനത്പാനീയമാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരാണിത്. 4800 കള്ള് ഷാപ്പുകളുണ്ട്. കാൽ ലക്ഷത്തോളം തൊഴിലാളികളും. കള്ള് വ്യവസായത്തെ പുഷ്ടിപ്പെടുത്താനെന്ന പേരിൽ സർക്കാർ ടോഡി ബോർഡ് രൂപീകരിച്ചത് എന്തിനാണോ ആവോ.
8.98 ശതമാനം മാത്രം വീര്യമുള്ള കള്ള് വിൽക്കാൻ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 400 മീറ്റർ ദൂരപരിധി പാലിക്കണം. എന്നാൽ, 42 ശതമാനം വീര്യമുള്ള വിദേശമദ്യം വിൽക്കുന്ന ഫോർ സ്റ്റാർ വരെയുള്ള ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാറിന് 50 മീറ്ററും മാത്രം ദൂരപരിധി മതി. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കള്ളു ഷാപ്പുകളുടെ പ്രവർത്തന സമയം. മൊത്തം വിരോധാഭാസം.
പുലർച്ചെ ചെത്തിയിറക്കുന്നതാണ് ശുദ്ധമായ ഇളം കള്ള്. രാവിലെ ഏഴു മുതൽ ഷാപ്പുകളിൽ വില്പന നടത്തിയാൽ പോഷകമൂല്യം പോവാതെ ഉപഭോക്താക്കൾക്ക് കിട്ടും. രാത്രി 10 വരെ ഷാപ്പുകൾ പ്രവർത്തിച്ചാൽ ഭക്ഷണ വില്പന കൂടും. ഈ ആവശ്യമുന്നയിച്ച് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ പലവട്ടം നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല.
ക്ഷേമനിധിയിലെ
പണത്തിൽ കണ്ണ്
1970ൽ രൂപീകൃതമായ കേരളത്തിലെ ആദ്യ ക്ഷേമനിധി ബോർഡാണ് കള്ള് വ്യവസായ തൊഴിലാളി ബോർഡ്
2760 കോടിയാണ് ബോർഡിന്റെ ആസ്ഥി. ഇതിൽ 90 ശതമാനവും ട്രഷറിയിലാണ്
സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുമ്പോൾ സർക്കാർ ആദ്യം ആശ്രയിച്ചിരുന്നത് ഈ ബോർഡിനെ
40,000 അംഗളുണ്ടായിരുന്ന ബോർഡിൽ ഇപ്പോഴുള്ളത് പകുതിയിൽ താഴെ മാത്രം
ആകെ ഷാപ്പുകൾ
4800
രജിസ്റ്റേർഡ് തൊഴിലാളികൾ
14,000
താത്കാലിക തൊഴിലാളികൾ
10,000
കള്ള് വ്യവസായത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ഷാപ്പുകൾ അടച്ച് പ്രതിഷേധിക്കും
അജിത്ത്ബാബു,സെക്രട്ടറി
കള്ള് ഷാപ്പ് ലൈസൻസി അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |