കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ച് വനംവകുപ്പ്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളും പരിശോധിക്കും. ഇന്ന് രാവിലെ തൃശൂരിൽ വേടനുമായി വനംവകുപ്പ് തെളിവെടുപ്പ് നടത്തി.
പുലിപ്പല്ലിൽ രൂപമാറ്റം വരുത്തി മാലയിൽ ഇട്ടുകൊടുത്ത തൃശൂരിലെ ജൂല്ലറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. എന്നാൽ വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പിന് കഴിഞ്ഞില്ല. യഥാർത്ഥ പുലിപ്പല്ല് ആണോ ഇതെന്ന് അറിയില്ലെന്നാണ് വേടന്റെ മൊഴി. എന്നാൽ ഇത് വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.
അതേസമയം, കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ മറ്റു കേസുകളിൽ കുടുക്കിയതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം തുടരുകയാണ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ആറ് ഗ്രാം കഞ്ചാവിന്റെ കേസ്, ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ പുലിവേട്ടക്കേസിലെത്തിയതിന് പിന്നിൽ വേടന്റെ നിറവും ജാതിയും ആശയങ്ങളിലെ രാഷ്ട്രീയവും വേദികൾ ഒന്നൊന്നായി കൈയടക്കുന്നതിൽ പ്രമുഖ കലാകാരന്മാർക്കുള്ള അതൃപ്തിയുമാണെന്നാണ് വിമർശനം.
ആരാധകൻ സമ്മാനമായി നൽകിയ പുലിപ്പല്ലിന്റെ പേരിൽ വേടനെ വേട്ടക്കേസിൽ കുടുക്കാൻ ഉദ്യോഗസ്ഥർക്ക് അമിതതാത്പര്യമുണ്ടെന്നും സമാനമായ കേസുകളിൽ പ്രമുഖർ പ്രതിസ്ഥാനത്ത് വന്നപ്പോൾ ഈ സമീപനമല്ല സ്വീകരിച്ചതെന്നും വിമർശനം ഉയർന്നു.
ശ്രീലങ്കൻ അഭയാർത്ഥിയായ അമ്മയുടെ മകനാണ് വേടനെന്ന ഹിരൺദാസ് മുരളി. തൃശൂർ നഗരമദ്ധ്യത്തിലെ ദളിത് കോളനിയിലാണ് പിറന്നതും വളർന്നതും. സ്വയമെഴുതി ഈണം നൽകി വേടൻ അവതരിപ്പിച്ച റാപ്പുകൾ യുവാക്കൾക്കിടയിൽ തരംഗമാണ്. ചെറുപ്പം മുതൽ നേരിട്ട ജാതി വിവേചനവും ഇടതുരാഷ്ട്രീയവും പ്രത്യക്ഷമായും പരോക്ഷമായും വർണിക്കുന്ന ഗാനങ്ങൾ ചാട്ടുളി പോലെയാണ് സമൂഹമനസുകളിലേക്ക് തുളച്ചുകയറിയത്. ലൈവ് പ്രോഗ്രാമുകളിൽ കടൽപോലെ യുവാക്കൾ ഒഴുകിയെത്തുന്നുണ്ട്. ഈ വിവാദങ്ങൾക്കിടെ വേടന്റെ പുതിയ ആൽബം ഉടൻ പുറത്തിറങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |