
പാലക്കാട്: പതിനഞ്ചുദിവസത്തെ ഒളിവുജീവിതത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ടുചെയ്യാനെത്തി. വൈകുന്നേരം 4.50 ഓടെ എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയത്. ആദ്യത്തെ ബലാത്സംഗ കേസിൽ അറസ്റ്റുതടയുകയും രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതിനാൽ രാഹുൽ വോട്ടുചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു. രാവിലെ വോട്ടുചെയ്യാൻ എത്തിയാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിക്കാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ എത്തിയത് എന്നാണ് കരുതുന്നത് .
കൂകിവിളിച്ചാണ് സിപിഎം,ബിജെപി പ്രവർത്തകർ രാഹുലിനെ വരവേറ്റത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിക്കാണിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് പ്രവർത്തർ രാഹുലിനെ ബൊക്കെ നൽകി സ്വീകരിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും രാഹുൽ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുൽ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് പറഞ്ഞ രാഹുൽ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കി. ഒളിവിൽ പോകില്ല. ഇനി അങ്ങോട്ട് പാലക്കാട്ടുതന്നെ തുടരും, അതിൽ തർക്കമില്ല എന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വോട്ടുചെയ്തശേഷം തൊട്ടടുത്തുള്ള കടയിൽ കയറി ചായും കുടിച്ചശേഷമാണ് രാഹുൽ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |