തിരുവനന്തപുരം :നവകേരള സദസിനെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്തിൽ അമർത്തി ക്രൂരമായി മർദ്ദിച്ചെന്ന ആരോപണം നേരിട്ട റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റസ്ക്യൂ ഫോഴ്സ് (ആർ.ആർ.ആർ.എഫ്) കമാൻഡന്റ് കെ.ഇ ബൈജുവിനെ കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) വിഭാഗത്തിലേക്ക് മാറ്റി.
കോഴിക്കോട് ഡി.സി.സി ബൈജുവിനെതിരെ പരാതി നൽകുകയും കോൺഗ്രസ് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബൈജു ഉൾപ്പെടെ ഒൻപത് ഐ.പി.എസുകാർക്കാണ് സ്ഥലംമാറ്റം. ഏഴു പേർക്ക് സ്ഥാനക്കയറ്റവുമുണ്ട്.
വി.ഐ.പി സുരക്ഷ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജി.ജയ്‌ദേവിന് റെയിൽവേ പൊലീസ് എസ്.പിയുടെ അധിക ചുമതല നൽകി. റെയിൽവേ എസ്.പിയായിരുന്ന കെ.എസ്.ഗോപകുമാറിനെ സാമ്പത്തിക കുറ്റകൃത്യവിഭാഗം (തിരുനന്തപുരം റേഞ്ച്) എസ്.പിയായി നിയോഗിച്ചു. പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ (അഡ്മിനിട്രേഷൻ) ആർ.സുനീഷ് കുമാറിനെ വനിത ശിശു സെല്ലിൽ എ.ഐ.ജിയാക്കി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ഐശ്വര്യ ഡോഗ്രയെ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറായും (അഡ്മിനിട്രേഷൻ) ആംഡ് വനിത പൊലീസ് ബാറ്റാലിയൻ കമാൻഡന്റ് എൻ. അബ്ദുൽ റഷീദിനെ ദക്ഷിണമേഖല ട്രാഫിക്ക് എസ്.പിയായും ദക്ഷിണമേഖല വിജിലൻസ് എസ്.പി ആർ.ജയശങ്കറിനെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് നാലിൽഎസ്.പിയായും നിയമിച്ചു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് 1- എസ്.പിയായിരുന്ന വി.സുനിൽകുമാറിനെ ഭക്ഷ്യപൊതുവിതരണവകുപ്പ്, സപ്ലൈകോ വിജിലൻസ് എസ്.പിയാക്കി.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ്-4 എസ്.പിയായിരുന്ന കെ.കെ.അജിയെ ദക്ഷിണമേഖല വിജിലൻസ് എസ്.പി.യായും വനിത ശിശു സെല്ലിന്റെ എ.ഐ.ജിയായിരുന്ന എ.എസ്.രാജുവിനെ തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.
സ്ഥാനക്കയറ്റം ലഭിച്ച ബി.വി വിജയഭാരത് റെഡ്ഢിയെ ടെലികോം എസ്.പിയായും ടി. ഫാറാസിനെ ആർ.ആർ.ആർ.എഫ് കമാൻഡന്റായും തപോഷ് ബസുമതാരിയെ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് എസ്.പിയായും മാറ്റി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റായി ഷാഹുൽ ഹമീദിനെയും നകുൽ രാജേന്ദ്ര ദേശ് മുഖിനെ ആംഡ് വനിത പൊലീസ് ബറ്റാലിയൻ കമാൻഡന്റായും ആംഡ് പൊലീസ് -4 ബറ്റാലിയൻ കമാൻഡന്റായി കെ.പവിത്രനെയും കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാൻഡന്റായി ജുവനപുഡി മഹേഷിനെയും നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |