കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ആദ്യം പരസ്യമായി ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സൈബർ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിലാണ് റിനി പങ്കെടുത്തത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പം നടി വേദി പങ്കിട്ടു.
'എനിക്കൊരു യുവ നേതാവിൽ നിന്ന് വളരെ മോശമായ സമീപനം നേരിടേണ്ടി വന്നുവെന്നാണ് ഞാൻ തുറന്നുപറഞ്ഞത്. എന്നാൽപ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട, ദുഃഖിപ്പിക്കേണ്ട എന്നുകരുതി. ഞാൻ ആ പ്രസ്ഥാനത്തിന്റെ പേര് പറയുകയോ, വ്യക്തിയുടെ പേര് പറയുകയോ ചെയ്തിട്ടില്ല. ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ ആരെയെങ്കിലും തകർക്കണമെന്നോ ആയിരുന്നില്ല എന്റെ ഉദ്ദേശം.
എനിക്ക് ആകെ ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൾ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യം മാത്രമാണ് ഞാൻ ചോദിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കന്മാർ സ്ത്രീകളോട് എങ്ങനെ പെരുമാറണം, ധാർമികതയോടെ അവർ മുന്നോട്ടുപോകണമെന്ന കാര്യം മാത്രമാണ് ഞാൻ പങ്കുവയ്ക്കാൻ ശ്രമിച്ചത്. പേര് പറയുകയോ, പ്രസ്ഥാനത്തിന്റെ പേര് പറയുകയോ ഒന്നും ചെയ്യാതെ തന്നെ എനിക്ക് നേരെ വലിയ തോതിലുള്ള, ഭയാനകമായ സൈബർ ആക്രമണമാണ് പൊട്ടിപ്പുറപ്പെട്ടത്.'- റിനി പറഞ്ഞു.
സിപിഎം നേതാവ് കെ ജെ ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. 'റിനിയെപ്പോലുള്ള സ്ത്രീകൾ ഞങ്ങളോടൊപ്പം ചേരണം. ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. എങ്കിലും തിരിച്ചറിവുണ്ടാകുന്ന സമയം ഞങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് വാക്കുകൾ നിർത്തുന്നു.'- എന്നാണ് ഷൈൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |