
കൊച്ചി: ജനുവരി 15നകം ഘടകകക്ഷികളുമായി ചർച്ചകൾ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുമെന്ന് യു.ഡി.എഫ്. ഫെബ്രുവരിയിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കർമ്മപദ്ധതിയും സമയക്രമവും യു.ഡി.എഫ് സംസ്ഥാന നേതൃയോഗം ആവിഷ്‌കരിച്ചു.
ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ജാഥയിൽ രാഷ്ട്രീയത്തിനുപരി നാടിന്റെ വികസനപദ്ധതികൾക്ക് മുൻഗണ നൽകും. കേരളത്തിന്റെ വികസനത്തിനും സമഗ്രമാറ്റത്തിനുമുള്ള പരിപാടികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. എല്ലാ മേഖലയിലും ഗവേഷണതുല്യമായ പഠനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. പതിവ് പ്രകടനപത്രികകളിൽ നിന്നു വ്യത്യസ്തമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, സി.പി.ജോൺ എന്നിവർ പറഞ്ഞു.
വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെ സംഘടനാകാര്യങ്ങൾ കോൺഗ്രസും ഘടകകക്ഷികളും ഒന്നിച്ച് ചെയ്യും.
ആയുധം താഴെവയ്‌ക്കണം
തോൽവിയിൽ പാഠം പഠിക്കാതെ അസഹിഷ്ണുതയോടെയാണ് സി.പി.എം പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അക്രമം അഴിച്ചുവിടുന്ന സി.പി.എമ്മിനോട് ആയുധം താഴെ വയ്‌ക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയണം.
സർക്കാർ അവസാനകാലത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് വരുന്നുണ്ട്. സഹകരണ സംഘങ്ങളിൽ നിന്ന് പതിനായിരം കോടി രൂപയുടെ വായ്പ എടുക്കാനാണ് ശ്രമിക്കുന്നത്. പതിനായിരം കോടി രൂപ പിടിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം സംഘങ്ങളെ തകർക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യും.
തദ്ദേശത്തിൽ സി.പി.എം,
ബി.ജെ.പി ബന്ധമില്ല
തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ ഉടമ്പടിയും ധാരണയും പാടില്ലെന്ന കർശന നിർദ്ദേശം കീഴ് ഘടകങ്ങൾക്ക് നൽകാനും യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.
മൂന്ന് പാർട്ടികളെ അസോസിയേറ്റ്
അംഗങ്ങളാക്കാൻ യു.ഡി.എഫ്
പ്രത്യേക ലേഖകൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.വി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസ്, സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ പ്രസിഡന്റായ കേരള കാമരാജ് കോൺഗ്രസ് എന്നിവയെ അസോസിയേറ്റ് അംഗങ്ങളാക്കാൻ യു.ഡി.എഫ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. അതേസമയം, വിഷ്ണുപുരം ചന്ദ്രശേഖരൻ തള്ളിപ്പറഞ്ഞു.
ജാനുവിന്റെയും ചന്ദ്രശേഖരന്റെയും പാർട്ടികൾ എൻ.ഡി.എ ഘടകകക്ഷികളാണ്.
ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തിയാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എന്നിവർ പറഞ്ഞു. അസോസിയേറ്റ് പാർട്ടികളെ യു.ഡി.എഫ് യോഗങ്ങളിൽ പ്രത്യേകം ക്ഷണിക്കുമെന്ന് അവർ പറഞ്ഞു.
യു.ഡി.എഫ് വിപുലീകരിക്കുമെങ്കിലും എൽ.ഡി.എഫിലെ ജോസ് കെ. മാണിയെ ക്ഷണിക്കില്ല. ജോസ് കെ. മാണിയെ ക്ഷണിക്കുന്നതിൽ കേരള കോൺഗ്രസ് ലീഡർ പി.ജെ. ജോസഫ് കടുത്ത വിയോജിപ്പ് അറിയിച്ചുവെന്നാണ് സൂചന.
യു.ഡി.എഫിലേക്ക്
ഇല്ലെന്ന് വിഷ്ണുപുരം
തിരുവനന്തപുരം: തന്റെ പാർട്ടിയായ കേരള കാമരാജ് കോൺഗ്രസ് യു.ഡി.എഫിലേക്ക് എത്തുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം തള്ളി വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. അത് തെറ്റാണെന്ന്വിഷ്ണുപുരം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കോൺഗ്രസുമായി ബന്ധപ്പെട്ട ആർക്കും അപേക്ഷ നൽകിയിട്ടില്ല. അപേക്ഷയുണ്ടെങ്കിൽ യു.ഡി.എഫ് നേതാക്കൾ പുറത്തുവിടണം. രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി.സതീശനും എൻ.ഡി.എയിൽ തൃപ്തനാണോ എന്നു ചോദിച്ചു. തൃപ്തനല്ല എന്നു പറഞ്ഞു. ഇടതുപക്ഷ നേതാക്കളോടും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ചാടിപ്പോകാനുള്ള പ്രശ്നങ്ങളൊന്നുമില്ല. എൻ.ഡി.എയിലെ ഘടക കക്ഷികളോടുള്ള സമീപനം തിരുത്തണമെന്ന അഭിപ്രായമുണ്ട്. അടുത്ത എൻ.ഡി.എ യോഗത്തിൽ ഈ അഭിപ്രായം പ്രകടിപ്പിക്കും.
വിഷ്ണുപുരത്തിന് വേണ്ടെങ്കിൽ
വരേണ്ടതില്ല:സതീശൻ
കൊച്ചി: വിഷ്ണുപുരം ചന്ദ്രശേഖരൻ താനും രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവരെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിൽ അംഗമാകാൻ അദ്ദേഹത്തിന് താത്പര്യമില്ലെങ്കിൽ വേണ്ട. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ലാതെ വെറുതേ അദ്ദേഹം കാണേണ്ട കാര്യമില്ല. തിങ്കളാഴ്ച വൈകിട്ട് 5.42 നും 7.41നും തന്നെ വിളിച്ചിരുന്നു. ഘടകകക്ഷി ആക്കണമെന്നായിരുന്നു ആവശ്യം. നിരവധി തവണ തന്നോടും രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും ആവശ്യപ്പെട്ടതു കൊണ്ടാണ് യു.ഡി.എഫിൽ ചർച്ച ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |