
#സ്ത്രീകൾക്കും കുട്ടികൾക്കും 'ഷീ ഹോസ്പിറ്റൽ"
കോഴിക്കോട്: അടുത്ത ഭരണം മുന്നിൽക്കണ്ട് ആരോഗ്യമേഖലയുടെ വികസനത്തിന് സമഗ്ര ആരോഗ്യരേഖ യു.ഡി.എഫ് പുറത്തിറക്കി. രോഗിയുടെ ജീവൻ അപകടത്തിലാകും മുമ്പ് സുവർണ മണിക്കൂറിൽ ചികിത്സ നൽകാൻ എല്ലാ ജില്ലകളിലും സംവിധാനമുണ്ടാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇതിനായി രണ്ടാംനിര ആശുപത്രികളിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫലപ്രദമാക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും വിദഗ്ദ്ധചികിത്സയ്ക്ക് ഷീ ഹോസ്പിറ്റൽ സ്ഥാപിക്കണം.
വിദേശത്തു നിന്നടക്കം മുന്നൂറിലധികം ഡോക്ടർമാരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് കോൺക്ളേവ് നടത്തിയശേഷമാണ് ഡോ.എസ്.എസ്. ലാൽ ചെയർമാനായ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 550 ഓളം വിദഗ്ദ്ധരുമായും ചർച്ച നടത്തി. റിപ്പോർട്ടിന്റെ പ്രകാശനം ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് നിർവഹിച്ചു.
'ആദ്യം ആരോഗ്യം" എന്നതാണ് ലക്ഷ്യം. പണമില്ലാത്തതുകൊണ്ട് ചികിത്സ ലഭിക്കാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ 65 മുതൽ 70 ശതമാനം ചെലവ് രോഗികൾ വഹിക്കണം. ഇത് 35 ശതമാനവും തുടർന്ന് 20 ശതമാനവുമാക്കും. സംസ്ഥാനത്തെ 1,000 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമില്ലാത്തത് പരിഹരിക്കും. ഉപകരണങ്ങൾ കേടായിക്കിടക്കുന്നത് നന്നാക്കും.
കാരുണ്യ ഫാർമസി പുനരാവിഷ്കരിക്കും.
മെഡിസെപ്പിലെ
പ്രശ്നം പരിഹരിക്കും
മെഡിസെപിൽ നിന്ന് വിട്ടുപോയ സ്വകാര്യ ആശുപത്രികളെ തിരികെക്കൊണ്ടുവരുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആംബുലൻസ് ക്ഷാമം പരിഹരിക്കും. ഇൻഷ്വറൻസ് പദ്ധതി ഉടച്ചുവാർക്കും. എല്ലാ സാംക്രമിക രോഗങ്ങളും കേരളത്തിലുള്ള സാഹചര്യത്തിൽ ഇവയടക്കം തടയാൻ വൺ ഹെൽത്ത് പദ്ധതി നടപ്പാക്കും. ടെലി കൺസൾട്ടേഷൻ വ്യാപകമാക്കും. ഭിന്നശേഷിക്കാർക്കും വൃദ്ധർക്കും വാതിൽപ്പടി ചികിത്സ നൽകും. ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്തും.
ആദിവാസികൾക്ക് ട്രെെബൽ ഹെൽത്ത് ക്ളസ്റ്റർ.
തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകൾ.
ജില്ലാതല എമർജൻസി ഹബുകൾ തുടങ്ങിയവയും നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |