SignIn
Kerala Kaumudi Online
Saturday, 25 April 2026 11.00 AM IST

മുഖ്യമന്ത്രിപ്പോര് പുതിയ തലത്തിലേക്ക്; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എം കെ രാഘവൻ, വകുപ്പുകളും സ്റ്റേറ്റ് കാറുകളുടെ നമ്പരുകളും വരെ നിശ്ചയിച്ചു

Increase Font Size Decrease Font Size Print Page
ramesh-chennithala

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പെട്ടിയിൽ കിടക്കുന്നതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്. എം കെ രാഘവൻ എംപി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതാണ് ഇതിൽ ഒടുവിലത്തേത്. എംപിമാർ മത്സരിക്കേണ്ടെന്നത് ഹൈക്കമാൻഡിന്റെ തീരുമാനമല്ലെന്നും ചില നേതാക്കളുടെ ദുർവാശിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരന്നു അദ്ദേഹം.

'എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. ചിലരുടെ പിടിവാശിയാണതിന് കാരണം. അത് ആരും ഹൈക്കമാൻഡിന്റെ തലയിലിടേണ്ട. എം പിമാർ മത്സരിക്കേണ്ടെന്ന് സണ്ണി ജോസഫ് എന്തർത്ഥത്തിലാണ് പറഞ്ഞത്. മത്സരിക്കണമെന്ന് ഒരു നേതാവ് എന്നാേടും പറഞ്ഞിരുന്നു. തോൽക്കാൻ സാദ്ധ്യതയുള്ള ഒരു സീറ്റായിരുന്നു അത്. ഭൂരിപക്ഷം കിട്ടുന്നതിനുമുമ്പ് അടിതുടങ്ങിയത് ഗുണംചെയ്യില്ല. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ടുപോകും. വോട്ടെണ്ണലിന് മുമ്പ് മുഖ്യമന്ത്രിചർച്ച ശരിയായ രീതിയല്ല. ഇപ്പോഴത്തെ നടപടി പ്രവർത്തകരുടെ മനോവീര്യം കെടുത്തും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള വിവാദങ്ങൾക്ക് തുടക്കമിട്ടത്. അത്തരമൊരു പ്രസ്താവന നടത്താൻ അയാൾക്ക് എന്തവകാശമാണുള്ളത്. സമയമാകുമ്പോൾ ചിലത് തുറന്നുപറയാനുണ്ട്'- എം കെ രാഘവൻ പറഞ്ഞു.

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ മുസ്ലീംലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. യുഡിഎഫ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുന്നു എന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളതെന്നാണ് അറിയുന്നത്. ഇനിയും കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണം തുടർന്നാൽ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെടാനും നീക്കമുണ്ട്. വിവാദത്തിൽ ആരുടെയും പക്ഷം പിടിക്കില്ലെന്നും ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസ് ചോദിക്കുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ് ലീഗിലെ ധാരണ.

വോട്ടെണ്ണുംമുമ്പ് മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ചരടുവലികൾ തുടങ്ങിയതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും കടുത്ത അതൃപ്തിയുണ്ട്. പ്രമുഖ നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇവരുടെ അനുയായികൾ തമ്മിൽ ഏറ്റുമുട്ടലും രൂക്ഷമാണ്. ചിലർ മന്ത്രിസഭ രൂപീകരിച്ച് വകുപ്പുകൾ നൽകിയപ്പോൾ മറ്റുചിലർ വകുപ്പുകൾക്കൊപ്പം സ്റ്റേറ്റ് കാറുകളുടെ നമ്പർവരെ വീതിച്ചുനൽകി. ഇത്രയും നാണംകെട്ട അവസ്ഥ കോൺഗ്രസിനും യുഡിഎഫിനും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികാരത്തിനുവേണ്ടി ഏതറ്റംവരെ പോകും എന്നതിന് തെളിവാണ് ഇപ്പോഴത്തെ വിവാദങ്ങൾ എന്നുമാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. പാർട്ടിയുടെ പോക്കിൽ അവർക്ക് കടുത്ത വിഷമവുമുണ്ട്.

TAGS: INC, UDF, M K RAGHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.