
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായതോടെ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ നടൻ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി വ്യക്തിപരമായ അടുപ്പമുള്ള ചില നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. ഔദ്യോഗികമായ നിർദ്ദേശം വന്നാൽ മത്സരിക്കാനുള്ള സന്നദ്ധത പിഷാരടി അറിയിച്ചിട്ടുണ്ട്.
കെ.ബാബു മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.ലിജുവിനെയാണ് പരിഗണിക്കുന്നത്. തൃപ്പൂണിത്തുറയ്ക്ക് പുറമെ അമ്പലപ്പുഴ, ഉടുമ്പൻചോല മണ്ഡലങ്ങളിലും ലിജുവിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അമ്പലപ്പുഴ മത്സരിക്കാനുള്ള താത്പര്യമാണ് ലിജു അറിയിച്ചിട്ടുള്ളത്.
ഞയറാഴ്ച ഡൽഹിയിൽ എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ 20 സിറ്റിംഗ് എം.എൽ.എമാരുൾപ്പെടെ 50 ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പരിശോധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന ദിവസമായ മാർച്ച് ഏഴിന് ശേഷം ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം വന്നേക്കും. സംവരണ മണ്ഡലമായ അടൂരിൽ മുൻ എം.പി രമ്യാഹരിദാസ് മത്സരിച്ചേക്കും.
കെ.മുരളീധരൻ(വട്ടിയൂർക്കാവ്), എൻ.ശക്തൻ(നെയ്യാറ്റിൻകര), ഐഷാ പോറ്റി(കൊട്ടാരക്കര), ജ്യോതികുമാർചാമക്കാല(പത്തനാപുരം), ബിന്ദുകൃഷ്ണ(കൊല്ലം), അബിൻവർക്കി(ആറന്മുള), ഷാനിമോൾഉസ്മാൻ(അരൂർ), എ.എ.ഷുക്കൂർ (ആലപ്പുഴ) സിറിയക് തോമസ്(പീരുമേട്), ഒ.ജെ.ജനീഷ്( കൊടുങ്ങല്ലൂർ), വി.ടി.ബൽറാം(തൃത്താല), ടി.എൻ.പ്രതാപൻ(മണലൂർ), കെ.എം.അഭിജിത്ത് (നാദാപുരം),പ്രവീൺകുമാർ (കൊയിലാണ്ടി)തുടങ്ങിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ലീഗിൽ നിന്നു തിരിച്ചു വാങ്ങിയ നാദാപുരത്ത് വി.എസ് ജോയി മത്സരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |