
കൊല്ലം: പുനലൂർ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കാൻ തീരുമാനിച്ച ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യനെ നേതാക്കൾ പിന്തിരിപ്പിച്ചതിന് പിന്നാലെ, സ്വതന്ത്രനായി മത്സരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ് ഖാൻ.
നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം അവസാനിപ്പിക്കാൻ വിളിച്ചുചേർത്ത പുനലൂരിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയാണ് സഞ്ജയ്ഖാൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കോൺഗ്രസാണ് പുനലൂരിൽ സ്ഥിരമായി മത്സരിച്ചിരുന്നത്. 2006ൽ എം.വി.രാഘവന് മത്സരിക്കാൻ സി.എം.പിക്ക് നൽകി. 2011ൽ കോൺഗ്രസ് മത്സരിച്ചു. 2016ലും 2021ലും സീറ്റ് മുസ്ലീം ലീഗിന് നൽകി. ഇത്തവണ ലീഗ് പുനലൂരിന് പകരം ചടയമംഗലം ചോദിച്ചു. പുനലൂരിലെ കോൺഗ്രസ് പ്രവർത്തകർ അതിനെ പിന്തുണച്ചപ്പോൾ ചടയമംഗലത്തുകാർ എതിർത്തു. പ്രതിഷേധം ശക്തമായതോടെ തൽസ്ഥിതി തുടരാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ സ്ഥാനാർത്ഥിയായി മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. പിന്നാലെയാണ് പുനലൂരിലെ കോൺഗ്രസ് നേതാക്കൾ ഡി.സി.സി ട്രഷററെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
നൗഷാദ് യൂനുസ് പുനലൂരിൽ എത്തിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ സഹകരിച്ചില്ല. ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഫോണിൽ വിളിച്ച് പുനലൂരിലെ നേതാക്കളെ അനുനയിപ്പിച്ചു. തുടർന്ന് ഡി.സി.സി നിർദ്ദേശപ്രകാരം ഇന്നലെ വിളിച്ചുചേർത്ത പുനലൂരിലെ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവഹികളുടെ യോഗത്തിലാണ് പുതിയ വിമതൻ രംഗപ്രവേശം ചെയ്തത്.
മുസ്ലിംലീഗ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്ന നിർദ്ദേശം കെ.പി.സി.സി അംഗം ഭാരതീപുരം ശശി മുന്നോട്ടുവച്ചതോടെ എസ്.ഇ.സഞ്ജയ് ഖാന്റെ നേതൃത്വത്തിൽ പകുതിയിലേറെപ്പേർ പ്രതിഷേധിച്ചു. പുറത്തേക്കിറങ്ങിയ സഞ്ജയ് ഖാൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സഞ്ജയ് ഖാൻ നേരത്തെ പുനലൂർ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുളത്തൂപ്പഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
``പൂനലൂർ സീറ്റ് ഇത്തവണ കോൺഗ്രസിനായിരിക്കുമെന്ന് നേതാക്കൾ പറഞ്ഞതാണ്. വീണ്ടും ലീഗിന് നൽകുന്ന സാഹചര്യം പുനലൂരിൽ കോൺഗ്രസിനെ തകർക്കും. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ നഷ്ടമാക്കും. അത് തടയാനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
എസ്.ഇ.സഞ്ജയ് ഖാൻ,
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |