
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം.
ഒരു ഡസനിൽ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച തങ്ങളെ കുറ്റപ്പെടുത്തുന്നത്. തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കുള്ള മറുപടി:
1.ലൈഫ് മിഷൻ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4.5 ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ചിട്ടുണ്ട്. യു.ഡി.എഫ് വന്നാൽ ആർക്കും വീട് നൽകില്ലെന്ന് എം.എം. ഹസൻ എവിടെയാണ് പറഞ്ഞത്?
2.വിഴിഞ്ഞം: 4000 കോടിയുടെ പദ്ധതിക്കു പിന്നിൽ 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാടെന്ന് ആരോപിച്ച അന്നത്തെ പാർട്ടി സെക്രട്ടറി തന്നെയല്ലേ ഇന്ന് മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതും നിങ്ങളല്ലേ?
3.തുരങ്കപാത: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പാവങ്ങളുടെ നിലവിളി ഇപ്പോഴും കേരളത്തിന് മുന്നിലുണ്ട്. ദുരന്തസാദ്ധ്യത നിലനിൽക്കുന്ന ഒരു മേഖലയിൽ പാരിസ്ഥിതികപഠനം പോലും നടത്താൻ തയാറാകാത്തതിനെയാണ് എതിർത്തത്.
4.തീരദേശ ഹൈവേ: ഡി.പി.ആർ പ്രസിദ്ധീകരിക്കാതെയും മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാതെയും തീരദേശ ഹൈവേ നടപ്പിലാക്കാൻ പാടില്ല
5.ക്ഷേമ പെൻഷൻ: ആർ.ശങ്കറാണ് സാമൂഹ്യ സുരക്ഷാപെൻഷൻ ആരംഭിച്ചത്. കോൺഗ്രസ് ഒരു കാലത്തും ക്ഷേമപെൻഷനെ തിരഞ്ഞെടുപ്പിന്റെ പി.ആർ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടില്ല.
6.ഗെയിൽ പൈപ്പ്‌ലൈൻ: ഗെയിൽ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞു പ്രക്ഷോഭം നടത്തിയ ആൾ ഇപ്പോൾ നിങ്ങളുടെ മന്ത്രിസഭയിലെ അംഗമല്ലേ?
7.കിഫ്ബി: ബഡ്ജറ്റ് വഴി പദ്ധതി അടങ്കലിന്റെ ഭാഗമായുള്ള പദ്ധതികൾ മാത്രമാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്നുവർഷമായി പദ്ധതി അടങ്കൽ വർദ്ധിപ്പിച്ചില്ല.
8.അതിദാരിദ്ര്യമുക്തി: 4.5 ലക്ഷം പരമ ദരിദ്രർ ഉണ്ടെന്ന് മാനിഫെസ്റ്റോയിൽ പറഞ്ഞവരാണ് അതിദാരിദ്ര്യമുള്ള 64,000 പേരേ സംസ്ഥാനത്ത് ഉള്ളൂവെന്ന് പറയുന്നത്.
9.ചൂരൽമല, മുണ്ടക്കൈ: സർക്കാർ അനുവദിക്കുന്ന സ്ഥലത്ത് വീട് നിർമ്മിക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. സ്ഥലം അനുവദിക്കില്ലെന്നു സർക്കാർ പറഞ്ഞ ശേഷമാണ് ഞങ്ങൾതന്നെ കണ്ടെത്തിയത്. മൂന്ന് സ്ഥലങ്ങളിൽ നിയമപ്രശ്നങ്ങൾ ഇല്ലാത്തിടത്ത് ഉടൻ നിർമ്മാണം ആരംഭിക്കും.
10. കെ റെയിൽ: മുകളിൽ മെട്രോ താഴെ വാട്ടർമെട്രോ രണ്ടിനും ഇടയിൽ കെ റെയിൽ എന്ന അങ്ങയുടെ തൃക്കാക്കര പ്രഖ്യാപനം ഞങ്ങൾക്ക് ഓർമ്മയുണ്ട്. ജനങ്ങളുടെ പ്രതിരോധമാണ് കെ റെയിൽ സമരത്തിൽ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |