കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യൂണലിന്റെ വിധി വന്ന് അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനത്തിന് നടപടിയായില്ല. 76 സർക്കാർ കോളേജുകളും ഇൻചാർജ് ഭരണത്തിലാണ്.
യു.ജി.സിയുടെ പുതിയ മാനദണ്ഡ പ്രകാരം 2022 ജനുവരിയിലാണ് പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 110 അപേക്ഷകരിൽ നിന്ന് ഇന്റർവ്യൂവിന് ശേഷം 67 പേരെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. ഇവരിൽ നിന്ന് 23 പേരെ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സ്വന്തം നിലയ്ക്ക് ഒഴിവാക്കിയെന്ന് ആക്ഷേപമുയർന്നു. ഇന്റർവ്യൂ കഴിഞ്ഞ ദിവസം തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡവും പാലിക്കപ്പെട്ടില്ല.
നിയമന പ്രക്രിയയിൽ ധാരാളം ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചു. ഇക്കാരണത്താൽ പുതിയ അപേക്ഷ ക്ഷണിച്ച് നിയമന പ്രക്രിയ ആദ്യം മുതൽ നടത്താൻ അനുവദിക്കണമെന്ന സർക്കാർ വാദം അംഗീകരിച്ചില്ല. അപേക്ഷ ക്ഷണിച്ചതിൽ ആരും ക്രമക്കേട് ഉന്നയിക്കാത്തതിനാൽ നേരത്തേ അപേക്ഷിച്ചവരിൽ നിന്ന് യു.ജി.സി. മാനദണ്ഡം കൃത്യമായി പാലിച്ച് മൂന്നു മാസത്തിനകം നിയമനടപടികൾ പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടു. ഇതനുസരിച്ച് 2025 സെപ്തംബർ 25ന് വീണ്ടും കൂടിക്കാഴ്ചയുൾപ്പെടെ നടത്തിയെങ്കിലും ഇത് സംബന്ധിച്ചും കോടതിയിൽ പരാതിയെത്തി. തുടർന്ന് ആദ്യത്തെ നിയമന നടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തെങ്കിലും പിന്നീട് നീക്കി.
നിബന്ധനകൾക്ക് വിധേയമായി നിയമനടപടിയുമായി മുന്നോട്ടു പോകാൻ ട്രിബ്യൂണൽ അനുമതി നൽകി രണ്ട് മാസം കഴിഞ്ഞെങ്കിലും സർക്കാർ നടപടിയെടുത്തില്ല. ഭരണാനുകൂല സംഘടനയ്ക്ക് അഭിമതരായ ആളുകളാണ് താത്കാലിക പ്രിൻസിപ്പൽമാരായിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതു കൊണ്ടാണത്രേ സ്ഥിരം നിയമനം വൈകിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |