തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിറുത്തിയതിന് പിന്നാലെ എത്ര പേർ വാക്സിനെടുത്തെന്ന് ആരോഗ്യവകുപ്പ് ഔദ്ധ്യോഗികമായി അറിയിച്ചിരുന്ന വാക്സിനേഷൻ ബുള്ളറ്റിനും നിലച്ചു. ഈ മാസം 15ന് ശേഷം ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഇക്കാര്യം ലഭ്യമല്ല. സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷനിൽ കാര്യമായ പുരോഗതിയില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് വാക്സിനേഷൻ പുരോഗതി വെളിപ്പെടുത്തുന്ന ബുള്ളറ്റിൻ ഇല്ലാതായത്. എന്നാൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത് നിറുത്താൻ ആരോഗ്യവകുപ്പ് ഔദ്ധ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് അപ്ലോഡ് ചെയ്യാത്തതാണെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കൊവിഡ് കണക്കും വാക്സിനേഷൻ പുരോഗതിയും ജനങ്ങളെ അറിയിക്കണമെന്ന നിർദ്ദേശം നേരത്തെ നൽകിയിട്ടുണ്ട്. അതേസമയം കേന്ദ്ര സർക്കാരിന്റെ പോർട്ടലായ കൊവിന്നിലൂടെയാണ് വാക്സിനേഷൻ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |