ഇരിങ്ങാലക്കുട: ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിക്ഷേപിച്ച 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് മാപ്രാണം സ്വദേശി ജോഷി കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തിയത്.
ജോഷിയുടെ പേരിലുണ്ടായിരുന്ന 28 ലക്ഷത്തോളം രൂപ മാസങ്ങൾക്ക് മുൻപ് ചികിത്സാവശ്യങ്ങൾക്കായി നിരവധി സമരങ്ങളുടെ ഭാഗമായി ബാങ്ക് തിരികെ നൽകിയിരുന്നു.
ഇന്ന് കരുവന്നൂർ ബാങ്കിന്റെ സി.ഇ.ഒ കെ.ആർ.രാകേഷ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
ഇതോടെയാണ് ജോഷി മേൽവസ്ത്രം ഊരി പ്രതിഷേധിച്ചത്. ഗാന്ധിജിയുടെ സമരമാർഗമാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ജോഷി പറഞ്ഞു. മുൻപ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നൽകിയിരുന്നു. ജോഷിയുടെ ഭാര്യ, ഭാര്യാ മാതാവ്, സഹോദരി, സഹോദരിയുടെ മകൾ എന്നിവരുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |