കോഴിക്കോട്: കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വേർപാടിന്റെ മുപ്പതാം വർഷമായ ഇന്നലെ വൈലാലിലെ വീട്ടിൽ ഇത്തവണയും സാഹിത്യ പ്രേമികൾ ഒത്തുചേർന്നു. ഒപ്പം വിവിധ വിദ്യാലയങ്ങളിൽ നിന്ന് മജീദും സുഹറയും പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും ഉണ്ടക്കണ്ണൻ പോക്കറും ആനവാരി രാമൻ നായരും പൊൻകുരിശു തോമയുമെല്ലാമെത്തി. പലവേഷങ്ങളിൽ, പലരൂപങ്ങളിൽ... പതിവുപോലെ അവരെയല്ലാം ഓടി നടന്ന് സ്വീകരിക്കാൻ ഫാബി ബഷീറില്ലെങ്കിലും മകൾ ഷാഹിനയും മകൻ അനീസും സഹൃദയരെ ഹൃദയത്തോട് ചേർത്തു. സുൽത്താൻ ചാരുകസേരയിട്ടിരിക്കാറുള്ള മാങ്കോസ്റ്റിന് കീഴെ അദ്ദേഹത്തിന്റെ ഓർമകളുമായി സാഹിത്യ സ്നേഹികൾ നിറഞ്ഞു. ബഷീറിന്റെ എഴുത്തുമുറിയിലെ പുസ്‌തകങ്ങളും പേനയും കസേരയും ഗ്രാമഫോണുമെല്ലാം അവർ തൊട്ടറിഞ്ഞു. നൂറുകണക്കിന് ആളുകളാണ് വൈലാലിലേക്ക് ഒഴുകിയെത്തിയത്.
ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനാണ് ബഷീറെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ജീവിതത്തിന്റെ ആവിഷ്‌കാരമാണ് സാഹിത്യമെങ്കിലും രണ്ടും തമ്മിൽ അകലമുണ്ട്. ബഷീർ ആ അകലം കുറച്ചുകൊണ്ടുവന്നു.വാക്കുകൾക്ക് മൗനത്തിന്റെ ശക്തിയുണ്ടെന്നും മൗനത്തിന് വാക്കുകളുടെ ശക്തിയുണ്ടെന്നും അദ്ദേഹം പഠിപ്പിച്ചുവെന്ന് സമദാനി പറഞ്ഞു. സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു. കുട്ടികളെ വായനയിലേക്ക് വളർത്താൻ ബഷീറിനെപ്പോലെ മറ്റൊരെഴുത്തുകാരനില്ലെന്നും ബഷീർ പുസ്തകങ്ങൾ പാഠഭാഗങ്ങൾക്കപ്പുറത്ത് സ്‌കൂളുകളിൽ വായിക്കപ്പെടണമെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. രവി.ഡി.സി, വസീം അഹമദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |