
(വക്കം പുരുഷോത്തമൻ
1928-2023)
തിരുവനന്തപുരം:ആർജ്ജവവും ആജ്ഞാശക്തിയും കൈമുതലാക്കി അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ കരുത്തിന്റെയും ഭരണ മികവിന്റെയും പര്യായമായിരുന്ന മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമൻ (95) അന്തരിച്ചു.
കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിശ്ചയദാർഢ്യത്തിന്റെ ആൾ രൂപവും നിലപാടുകളിൽ കാരിരുമ്പിന്റെ കരുത്തുമായി തല ഉയർത്തിപ്പിടിച്ച് നിന്ന് , ഏറ്റെടുത്ത പദവികളിലെല്ലാം വെന്നിക്കൊടി പാറിച്ച വക്കം ആർ.ശങ്കറിന്റെ കണ്ടെത്തലായിരുന്നു. ശങ്കറിനുശേഷം ഈഴവ സമുദായത്തിൽ നിന്ന് കോൺഗ്രസ് മുഖ്യമന്ത്രിയാകാനുള്ള അവസരം അർഹതയുണ്ടായിട്ടും
തട്ടിയകറ്റപ്പെട്ടത് കോൺഗ്രസ് രാഷ്ട്രീയത്തിലെ വിധി വൈപരീത്യം. എങ്കിലും ആക്ടിംഗ് മുഖ്യമന്ത്രി വരെയായി,
വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കുമാരപുരത്തെ വസതിയായ ബിന്ദുഭവനിൽ വിശ്രമത്തിലായിരുന്ന വക്കത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഇതേ വസതിയിലായിരുന്നു രാഷ്ട്രീയ,സാമൂഹിക , സാസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഇന്നലെ രാത്രി വൈകും വരെ കുമാരപുരത്തെ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ഇന്ന് രാവിലെ 10ന് ഡി.സി.സി. ഓഫീസിലും 11.30ന് കെ.പി.സി.സി. ഓഫീസിലും മൃതദേഹം പൊതുദർശത്തിന് വയ്ക്കും. കെ.പി.സി.സി.ഓഫീസിൽ നിന്ന് വിലാപയാത്രയായി വക്കത്തേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ്റിങ്ങൽ കച്ചേരിനടയിലും പിന്നീട് ജൻമ സ്ഥലമായ വക്കം കടവിളാകത്ത് വീട്ടിലും പൊതുദർശനം..സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് കടവിളാകത്ത് വീട്ടുവളപ്പിൽ ഭാര്യ: മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കൾ: ബിനു പുരുഷോത്തമൻ,ഡോ.ബിന്ദു(ഗൈനക്കോളജിസ്റ്റ്, കിംസ് ഹോസ്പിറ്റൽ), പരേതനായ ബിജു പുരുഷോത്തമൻ. മരുമക്കൾ:സോണിയാ ബിനു, ഡോ.രാജഗോപാൽ (എ.ജെ.ഹോസ്പിറ്റൽ കഴക്കൂട്ടം),അനിതാ ബിജു.
1928ഏപ്രിൽ 12ന് വക്കം കടവിളാകത്തു വീട്ടിൽ കെ.ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമൻ 1946ൽ വിദ്യാർത്ഥി കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്.1952ൽ ആർ.എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956ൽ ഹൈക്കോടതി ബെഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹയർസെക്കന്ററി സ്കൂളിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം. തുടർന്ന്, അലിഗഡ് സർവകലാശാലയിൽ നിന്ന് എം.എയും എൽ.എൽ.ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി .പിന്നീടുള്ള പൊതു ജീവിതം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം.
ഏറ്റവും കൂടുതൽ കാലം
നിയമസഭാ സ്പീക്കർ
തിരുവനന്തപുരം:സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ പദവി വഹിച്ച റെക്കോഡിന്
ഉടമയാണ് വക്കം പുരുഷോത്തമൻ. അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക് സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ മന്ത്രിയായി. മൂന്ന് സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചു.ഡി.സി.സി.സെക്രട്ടറി,കെ.പി.സി.സി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്റ്,എ.ഐ.സി.സി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1970ൽ ആറ്റിങ്ങലിൽ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള ആദ്യ വിജയം.1971മുതൽ 1977വരെ അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി,തൊഴിൽ മന്ത്രിയായി.അക്കാലത്താണ് കർഷ തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നൽകിയത്.അഞ്ചു വർഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു.1977,1980,1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലിൽ നിന്നു വിജയിച്ചു.1980ൽ.നായനാർ മന്ത്രിസഭയിൽ ആരോഗ്യം,ടൂറിസം വകുപ്പുകളുടെ മന്ത്രിയായി.1996ൽ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ൽ കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.2004ലെ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധന,എക്‌സൈസ്,ലോട്ടറിവകുപ്പുകളുടെ ചുമതല ലഭിച്ചു.1982-84, 2001-2004 കാലത്ത് സ്പീക്കറായിരുന്നു.2004ൽ മുഖ്യമന്ത്രിയായിരിക്കെ ദാവോസിൽ വച്ചുണ്ടായ അപകടത്തെതുടർന്ന് ഉമ്മൻചാണ്ടി വിശ്രമത്തിലായപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത് വക്കം പുരുഷോത്തമനായിരുന്നു.
1984ൽ സ്പീക്കർസ്ഥാനം രാജിവച്ചാണ് ലോക് സഭയിലേക്ക് മത്സരിച്ചത്. ആലപ്പുഴയിൽ സുശീലാഗോപാലനെ പരാജയപ്പെടുത്തി .89ൽ വിജയം ആവർത്തിച്ചെങ്കിലും 91ൽ ടി.ജെ.ആഞ്ചലോസിനോടു പരാജയപ്പെട്ടു .എം.പിയായിരിക്കെ മൂന്നുവർഷം പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി ചെയർമാനായിരുന്നു. ലോക് സഭാംഗമായിരുന്ന കാലം മുഴുവൻ അദ്ദേഹം സഭയുടെ പാനൽ ഓഫ് ചെയർമാനിൽ ഉൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |