തിരുവനന്തപുരം: 'പ്രീത ടീച്ചർ സ്വർഗ്ഗമാക്കിയ സ്കൂളിലെ കുരുന്നുകൾ വായിച്ചു വളരട്ടെ. ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്ന കേരളകൗമുദിക്ക് അഭിനന്ദനം... ചീഫ് സെക്രട്ടറി വി.പി. ജോയി പറഞ്ഞു.
പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വലിയശാല എൽ.പി സ്കൂളിൽ ഒരുക്കിയ വായനാകോർണർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസ്കവറിംഗ് കേരള, കണക്കിലെ കളികൾ, ടാഗോർ കഥകൾ തുടങ്ങി ബാലസാഹിത്യത്തിലെ 265 പുസ്തകങ്ങൾ ചീഫ് സെക്രട്ടറിയിൽ നിന്ന് ഹെഡ്മിസ്ട്രസ് പ്രീത ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ പണിക്കരുടെ 114-ാം ജന്മദിനമായി ഇന്നലെ വായനാ കോർണർ ആരംഭിച്ചതിൽ ചീഫ് സെക്രട്ടറി സന്തോഷം പ്രകടിപ്പിച്ചു. തെളിമയുള്ള സമൂഹത്തെ സൃഷ്ടിക്കാൻ നല്ല വണ്ണം വായിക്കണമെന്ന് കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.
ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന അദ്ധ്യക്ഷയായി. കസ്തൂർബാ ഗ്രന്ഥശാല സെക്രട്ടറി മഹേഷ് മാണിക്യം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ലളിതകലാ അക്കാഡമി മുൻ അംഗം കാരക്കാമണ്ഡപം വിജയകുമാർ, പി.എൻ വായനാ മിഷൻ കോഓർഡിനേറ്റർ ജെ.ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.
കാടും പടർപ്പുമായിക്കിടന്ന എൽ.പി സ്കൂളിനെ പൂന്തോട്ടവും ലാബുമുള്ള മികച്ച വിദ്യാലയമാക്കിയ പ്രീതയുടെ പ്രയത്നം പുറംലോകത്തെത്തിച്ചത് കേരളകൗമുദിയാണ്. ഇവിടം സ്വർഗമാണ് എന്ന തലക്കെട്ടിൽ ഫെബ്രുവരി 12ന് നൽകിയ റിപ്പോർട്ട് വായിച്ച ഗ്രന്ഥശാല സെക്രട്ടറി മഹേഷ് മാണിക്യം വായനാ കോർണർ ഒരുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പി.എൻ. പണിക്കർ ഫൗണ്ടേഷൻ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലും പ്രീതയെ ആദരിച്ചു.
അമ്മ വായന ഉടൻ
മാതാപിതാക്കളിലൂടെ കുട്ടികളിൽ വായനാശീലം വളർത്തുന്ന അമ്മ വായന സ്കൂളിൽ ഉടൻ ആരംഭിക്കും. കുട്ടികളെ വിളിക്കാനെത്തുന്ന അമ്മമാർക്കും പുസ്തകം വായിക്കാൻ നൽകും. ആഴ്ചയിൽ ഒരു ദിവസം ഒരു പുസ്തകത്തെക്കുറിച്ച് ചർച്ചയും നടത്തും. അമ്മമാർ വഴി കുട്ടികളിലേക്ക് വായന പകരുയാണ് ലക്ഷ്യം. കൂടുതൽ പേർ പുസ്തകം സംഭാവന ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഹെഡ്മിസ്ട്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |