#ദേവസ്വം ബോർഡുകൾക്ക്
തീരുമാനമെടുക്കാം
കോട്ടയം: 'ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറുന്നതിന് സർക്കാർ അനുകൂലമാണെന്നും തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡുകളാണെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു.
ഷർട്ടു ധരിച്ചു കയറുന്നതിന് തന്ത്രിമാരുടെ അഭിപ്രായവും അനുവാദവും തേടേണ്ടതില്ലെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതിനോട് യോജിപ്പാണ്. ഓരോ ക്ഷേത്രത്തിന്റെയും ആചാരാനുഷ്ഠാനങ്ങളിലാണ് തന്ത്രിമാർ അഭിപ്രായം പറയേണ്ടത്. ഷർട്ട് ധരിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡുകൾക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ട്. തീരുമാനം സർക്കാർ അംഗീകരിച്ചാൽ മതി. എന്തു ധരിക്കണമെന്നത് വ്യക്തിയുടെ മൗലികാവകാശമാണ്. തിരക്കുള്ള ക്ഷേത്രങ്ങളിൽ ഷർട്ടിടാതെ വിയർത്തൊലിച്ച് മുട്ടിയുരുമ്മി നീങ്ങുന്നത് ചർമ്മരോഗങ്ങൾക്ക് കാരണമാകാം. പല ഭക്തന്മാരും ബുദ്ധിമുട്ട് നേരിട്ട് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും ക്ഷേത്രങ്ങളിൽ ഷർട്ടിട്ടുകയറാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമലയിൽ ഷർട്ടിട്ടു കയറാൻ അനുവാദമുള്ളതുപോലെ മറ്റു ക്ഷേത്രങ്ങളിലും വേണമെന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ ആവശ്യപ്പെട്ടിരുന്നു. കാലോചിതമാറ്റം വേണം.
ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഈ വർഷം ചൂടുകൂടിയ സാഹചര്യത്തിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നാട്ടാന പരിപാലന നിയമം പൂർണമായി പാലിക്കണം. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നു പേർ മരിച്ചത് കെട്ടിടം തകർന്നുണ്ടായ പരിക്കു മൂലമാണ്. ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകി.
നിർദ്ദിഷ്ട പമ്പ-ശബരിമല റോപ് വേയുടെ പ്രാരംഭ നടപടികളായി.സന്നിധാനത്ത് ഫ്ലൈഓവർ ഒഴിവാക്കി തീർത്ഥാടകർക്ക് നേരിട്ട് അയ്യപ്പ ദർശനം നടത്താനുള്ള സൗകര്യം പരിക്ഷണാടിസ്ഥാനത്തിൽ മീന മാസ പൂജയ്ക്ക് നടതുറക്കുന്നതു മുതൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |