
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് ജഡ്ജി സി.മോഹിത് 14 ദിവസത്തേക്ക് കൂടി നീട്ടി. ആദ്യ റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ഇന്നലെ വീണ്ടും ഹാജരാക്കിയത്.
കൈ വിലങ്ങ് അണിയിച്ചാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും. വാസുവിനെ ഹാജരാക്കിയപ്പോൾ കൊല്ലം കടവൂരുള്ള കോടതിക്ക് സമീപമുള്ള റോഡു വക്കിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചു കൂടി. വാസുവിന്റെയും മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്.ബൈജുവിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ബൈജുവിന് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. നേരത്തെ വാദം കേട്ട ശബരിമല മുൻ അഡ്മിന്സ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.
എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |