
തിരുവനന്തപുരം: ജോലിത്തിരക്കിനിടയിലാണ് മകൾ ദേവീകൃഷ്ണയുടെ മരണവാർത്ത ആലപ്പുഴ സ്വദേശിയായ പ്രമോദ് അറിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം പള്ളിച്ചലിൽ ബൈക്കിനുപിന്നിൽ ടിപ്പർ ലോറിയിടിച്ചുകയറിയാണ് ദേവിയും സുഹൃത്ത് അമലും മരണപ്പെട്ടത്. പള്ളിച്ചൽ സിഗ്നലിൽ നിന്ന് ചൊവ്വര ക്ഷേത്രത്തിലേക്ക് പോകാനായി ബൈക്ക് തിരിക്കുന്നതിനിടെ പിന്നിലൂടെ മുന്നോട്ടെടുത്ത ലോറി ഇരുവരെയും ഇടിച്ചിടുകയായിരുന്നു.
ടാക്സി വാഹനത്തിന്റെ ഡ്രൈവറായി കലവൂരിലേക്ക് ഓട്ടം പോകുന്നതിനിടയിലാണ് ദേവിയുടെ പിതാവ് പ്രമോദ് മകളുടെ മരണവാർത്ത അറിഞ്ഞത്. പ്രമോദ് തിരികെ വീട്ടിലേക്കെത്തിയപ്പോഴേയ്ക്കും ബന്ധുക്കളും സുഹൃത്തുക്കളും തടിച്ചുകൂടിയിരുന്നു. ഇതിനിടയിലാണ് മകൾക്കുള്ള പാഴ്സലുമായി സുഹൃത്ത് കൂടിയായ പോസ്റ്റ്മാൻ അനസ് വീട്ടിലേക്കെത്തിയത്. എന്റെ മോളുടെ പേരിൽ അവസാനമായി വന്ന പാഴ്സൽ ഞാൻ ഒപ്പിട്ടുവാങ്ങും. എനിക്കത് വേണം. അവൾ എന്റെ ജീവനാണെന്നുപറഞ്ഞ് പ്രമോദ് പൊട്ടിക്കരയുകയായിരുന്നു.
തിരുവനന്തപുരത്തെ പഠനത്തിനൊപ്പം ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ ചെയ്യുന്ന കോഴ്സിന്റെ നോട്ട് പോസ്റ്റലായി എത്തുമെന്ന് തിരുവനന്തപുരത്തുനിന്ന് രാവിലെ ദേവി അച്ഛനെ വിളിച്ചറിയിച്ചിരുന്നു. എസ്എസ്എൽസിയും പ്ലസ് ടുവും ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലാണ് ദേവി പഠിച്ചത്. ഓട്ടോയും ടാക്സിയും ഓടിച്ച് ഉപജീവനം നടത്തുന്ന പ്രമോദ് തന്നെയായിരുന്നു മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരികെ വിളിച്ച് കൊണ്ടുവരുന്നതും.
പഠനത്തിൽ മിടുക്കിയായ ദേവി എല്ലാ പരീക്ഷകളിലും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്. തിരുവനന്തപുരം വിമൻസ് കോളേജിലെ പഠനത്തിനൊപ്പം പിഎസ്‌സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു. ക്രിസ്മസ് അവധിക്കായി രണ്ടാഴ്ച മുൻപ് ദേവി വീട്ടിലെത്തിയിരുന്നു. അപകടവിവരം അറിഞ്ഞ് പ്രമോദും അമ്മ ലക്ഷ്മിയും സഹോദരൻ പ്രണവും തിരുവനന്തപുരത്തേക്കുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |