തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലാ വൈസ്ചാൻസലർമാരുടെ താത്കാലിക ചുമതല കൈമാറുന്നത് വൈകും. ചുമതല കൈമാറുന്നതിന് മുന്നോടിയായി ഹൈക്കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകാൻ ഗവർണറുടെ നീക്കം.
സാങ്കേതിക വാഴ്സിറ്റി ചട്ടപ്രകാരം താത്കാലിക വി.സിയുടെ ചുമതല തൊട്ടടുത്ത വാഴ്സിറ്റിയുടെ വി.സി, സാങ്കേതിക വാഴ്സിറ്റി പി.വി.സി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നൽകാൻ സർക്കാരിന് ശുപാർശ ചെയ്യാം.
സിസാ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വി.സി നിയമനത്തിൽ സർക്കാരിന്റെ അഭിപ്രായം ഗവർണർ മാനിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിൽ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ഗവർണറുടെ നീക്കം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടായ ശേഷമായിരിക്കും സാങ്കേതിക വി.സിയുടെ ചുമതല കൈമാറുക. ഹർജി അടുത്തുതന്നെ ഫയൽ ചെയ്യും.
ഡിജിറ്റൽ വാഴ്സിറ്റിയിലെ നിയമനത്തിന് സജി ഗോപിനാഥിന് പുറമെ സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീ, ഡിജിറ്റൽ വാഴ്സിറ്റിയിലെ രജിസ്ട്രാർ ഡോ.എ.മുജീബ്, കുസാറ്റ് മുൻ വി.സി ഡോ.കെ.എൻ. മധുസൂദനൻ എന്നിവരുടെ പാനൽ സർക്കാർ കൈമാറിയിട്ടുണ്ട്. ഡിജിറ്റൽ വി.സി സജിഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി. ആർ.ഷാലിജ്, ഗവ. എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സാങ്കേതിക വാഴ്സിറ്റി വി.സി നിയമനത്തിന് സർക്കാർ നൽകിയത്. എന്നാൽ പാനലിൽ ഒരാളെ നിയമിച്ചാൽ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാവുമെന്ന് ഗവർണർ വിലയിരുത്തുന്നു.
മോഹനൻ കുന്നുമ്മലിന്
ചുമതല നൽകിയേക്കും
ആരോഗ്യ, കേരള സർവകലാശാലകളുടെ ചുമതലയുള്ള ഡോ.മോഹനൻ കുന്നുമ്മേലിന് സാങ്കേതിക, ഡിജിറ്റൽ വാഴ്സിറ്റികളുടെ ചുമതല കൂടി കൈമാറുന്നത് രാജ്ഭവന്റെ പരിഗണനയിലാണ്. അദ്ദേഹത്തോട് ഇതിനുള്ള സന്നദ്ധത ആരാഞ്ഞതായാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |