
തിരുവനന്തപുരം: സി.പി.എം അംഗങ്ങൾ ഹാജർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ക്വാറം തികഞ്ഞില്ലെന്ന് പ്രഖ്യാപിച്ച് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പിരിച്ചുവിട്ടു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അടക്കം സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ല. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രതിനിധികൾ ഹാജർ രേഖപ്പെടുത്തി. രണ്ടു മാസത്തിനു ശേഷമാണ് ഇന്നലെ സിൻഡിക്കേറ്റ് യോഗം ചേർന്നത്.
യോഗത്തിന്റെ തുടക്കത്തിൽ അജൻഡകൾ ചർച്ചയ്ക്കെടുക്കും മുൻപ് താത്കാലിക രജിസ്ട്രാർ ആർ. രശ്മിയെ മാറ്റി മറ്റൊരു അദ്ധ്യാപകന് ചുമതല നൽകണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. രജിസ്ട്രാറെ അടിക്കടി മാറ്റുന്നത് സർവകലാശാലയുടെ സുഗമമായ ഭരണസംവിധാനത്തിന് തടസമാണെന്ന് വി.സി നിലപാടെടുത്തു.
ഇരുകൂട്ടരും നിലപാടിൽ ഉറച്ചു നിന്നു. സി.പി.എം അംഗങ്ങൾ ഹാജർ രേഖപ്പെടുത്താതെ യോഗത്തിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വി.സി ക്വാറമില്ലെന്ന് രേഖപ്പെടുത്തി യോഗം പിരിച്ചുവിട്ടത്. പിന്നാലെ രജിസ്ട്രാർ ആർ.രശ്മിയും യോഗത്തിൽ നിന്നിറങ്ങിപ്പോയി. സി.പി.എം അംഗങ്ങൾ സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തി.
വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗവേഷക ബിരുദങ്ങൾ നൽകുന്നതിലടക്കം വി.സി പ്രത്യേക അധികാരമുപയോഗിച്ച് തീരുമാനമെടുക്കും. ഈ മാസം ചേരുന്ന അക്കാഡമിക് കൗൺസിലും ബഡ്‌ജറ്ര് പാസാക്കാൻ ചേരുന്ന സെനറ്റും സംഘർഷ ഭരിതമാവാനാണ് സാദ്ധ്യത. രണ്ടിലും വി.സിയാണ് അദ്ധ്യക്ഷൻ.
ഇന്റേൺഷിപ് കൊള്ള തടയണം
തിരുവനന്തപുരം: നാലു വർഷ ബിരുദ വിദ്യാർഥികളിൽ നിന്ന് ഇന്റേൺഷിപ്പ് ഫീസിനത്തിൽ വൻ തുക ഈടാക്കുന്നത് തടയണമെന്ന് കേരള യൂണിവേഴ്സിറ്റിയിലെ യു.ഡി.എഫ് സിൻഡിക്കേറ്റംഗം വൈ.അഹമ്മദ് ഫസിൽ സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പറയുന്ന സർക്കാർ വിദ്യാർത്ഥികളെ പോക്കറ്റടിക്കുകയാണ്. വിദ്യാർത്ഥികൾക്ക് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ് സൗജന്യമാക്കണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഫസിൽ ആവശ്യപ്പെട്ടു.
സാങ്കേതിക യൂണി. ബഡ്ജറ്റ് പാസാക്കി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് ഇന്നലെ ചേർന്ന സിൻഡിക്കേറ്റും ബോർഡ് ഒഫ് ഗവേണേഴ്സും പാസാക്കി. സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിൽ അവതരിപ്പിച്ച ബഡ്ജറ്റ് രണ്ട് സമിതികളിലും അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് ആദ്യം പ്രഖ്യാപിക്കുമെന്നതിനാലാണ് സാധാരണ ഗതിയിൽ മാർച്ച് അവസാനം പാസാക്കേണ്ട ബഡ്ജറ്റ് പാസാക്കൽ ഇത്തവണ നേരത്തേയാക്കിയത്. സിൻഡിക്കേറ്റിൽ ഒറ്റ അജൻഡ മാത്രമാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |