തിരുവനന്തപുരം: സംവരണ ചട്ടങ്ങളൊന്നും പാലിക്കാതെയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കിയും, രാഷ്ട്രീയ ദുഷ്ടലാക്കോടെ വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം നൽകുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനാളുകളെ പിൻവാതിലിലൂടെ നിയമിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് നിർദ്ദേശിച്ച സർക്കാർ യുവാക്കളുടെ അവസരം നഷ്ടമാക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. പരമാവധി സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുകയാണ് സർക്കാർ നയമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകി. നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറാവുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60ശതമാനവും കേരളത്തിലാണെന്ന് ബാലഗോപാൽ പറഞ്ഞു. റാങ്ക്‌ലിസ്റ്റിന്റെ കാലാവധിക്കകം പരമാവധി നിയമനം നടത്തും. നിലവിലെ എല്ലാ ഒഴിവുകളിലും നിയമനമുണ്ടാവും. 5വർഷത്തിനിടെ 1.44ലക്ഷം നിയമന ശുപാർശ പി.എസ്.സി നൽകി. 8വർഷത്തിനകം 30,000ലേറെ തസ്തിക സൃഷ്ടിച്ചു. ഈ സർക്കാർ പതിനായിരം തസ്തിക പുതുതായുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ വകുപ്പുകളിൽ ജോലിചെയ്യാനാളില്ല. എന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. ജോലിഭാരം കാരണം പൊലീസിൽ 87ആത്മഹത്യകളുണ്ടായിട്ടും തസ്തികകൾ കൂട്ടുന്നില്ല. പൊതുമേഖലയിലടക്കം തസ്തികകൾ കുറയ്ക്കുന്നു. ധനവകുപ്പിൽ മാത്രം 246പിൻവാതിൽ നിയമനമുണ്ടായി. അദ്ധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷൻ മനഃപൂർവം വൈകിപ്പിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകൾ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |