
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വളരെയധികം സംസ്‌കാരവും നിലവാരവുമുള്ള ശിവൻകുട്ടിയുമായി മത്സരത്തിനില്ലെന്നും നെഗറ്റീവ് പ്രചരണത്തിലൂടെ എ.കെ.ജി സെന്ററും മന്ത്രിയുടെ ഓഫീസും തന്നെ ഇങ്ങനെ സഹായിക്കരുതെന്നും സതീശൻ പറഞ്ഞു.
വി. ശിവൻകുട്ടിയേക്കാൾ നിലവാരം കുറഞ്ഞ ആളാണ് താൻ. നെഗറ്റീവാണെങ്കിലും എന്നെ മാത്രമെ കാണുന്നുള്ളൂ. ദുഷ്പ്രചരണത്തിന് വേണ്ടി തോട്ടിയിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. അതിലൊന്നും വീഴില്ല. അദ്ദേഹം വലിയ ആളാണ്. എനിക്ക് സംസ്‌ക്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് എന്നേക്കാൾ നിലവാരവും സംസ്‌ക്കാരവുമുണ്ട്. എ.കെ.ജി സെന്ററിൽ ഒരാളും മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സ്റ്റാഫിന്റെ നേതൃത്വത്തിലും വ്യാപകമായി വ്യക്തിപരമായ പ്രചരണങ്ങൾ നടത്തുന്നു. സോഷ്യൽ മീഡിയിയിൽ ഏറ്റവും കൂടുതൽ പ്രസൻസ് ഇപ്പോൾ തനിക്കാണ്. 20 കാർഡ് എ.കെ.ജി സെന്ററിൽ നിന്നും പത്ത് കാർഡുകൾ മന്ത്രിയുടെ പക്കൽ നിന്നും വരുന്നു. തർക്കിക്കാനോ വഴക്കിടാനോ താനില്ല. എൽ.ഡി.എഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നറേറ്റീവ്സുണ്ട്. ആ വിഷയത്തിൽ നിന്നും വഴിമാറ്റി കൊണ്ടു പോകാനാണ് ഈ തോണ്ടലും പിച്ചലും തോട്ടിയിട്ട് വലിക്കലും. .
ശശി തരൂർ പാർട്ടിയിൽ സജീവമാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മുഖം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലുമുണ്ടാകും. തരൂർ വിശ്വപൗരനും കോൺഗ്രസിന്റെ അഭിമാനവുമാണ്. യു.ഡി.എഫിന് നൂറ് സീറ്റിലധികം നേടാനുള്ള പോരാട്ടത്തിൽ ശശി തരൂരും മുൻനിരയിലുണ്ടാകും. വിസ്മയങ്ങൾ വരാൻ ഇനിയും സമയമുണ്ടെന്നും സതീശൻ പറഞ്ഞു.
സതീശന്റെ നിലപാട് ബി.ജെ.പി
ഡീലിന്റെ ഭാഗം: ശിവൻകുട്ടി
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ തന്നോട് മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന ബി.ജെ.പിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ബി.ജെ.പിയെ സഹായിക്കുക, പകരം പറവൂരിൽ ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക. ഇതാണ് 'ഡീലിന്റെ' അന്തസത്ത. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബി.ജെ.പി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവിനെ നേമത്ത് മത്സരിക്കാൻ വി. ശിവൻകുട്ടി വെല്ലുവിളിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |