നൂറ് സീറ്റോടെ യു.ഡി.എഫ് അധികാരത്തിലെത്തും
കാസർകോട്: നൂറു സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് യുഗം അവസാനിപ്പിച്ച് പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന യാത്രയാണിത്. കേരളത്തിന് ആറുലക്ഷം കോടിയുടെ ഭാരം അടിച്ചേൽപ്പിച്ച പിണറായി സർക്കാരിനെ തുറന്നുകാണിക്കും.
തകർന്ന് തരിപ്പണമായ കേരളത്തെ വീണ്ടെടുക്കാനും ഭാവികേരളം രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികളും തയ്യാറാക്കും. ലോകത്താകെയുള്ള വിദഗ്ദ്ധരുടെ സേവനം ഇതിനായി ഉപയോഗിക്കും. ഓരോ പ്രദേശത്ത് എത്തുമ്പോഴും നടപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കും. കൃത്യവും വ്യക്തവുമായ വികസന പരിപാടികൾ കേരളത്തിന്റെ പുരോഗതിക്കായി തയ്യാറാക്കും. ദീർഘവീക്ഷണത്തോടെ സ്വപ്നതുല്യമായ പദ്ധതികൾക്ക് രൂപം നൽകും. യാത്രയുടെ 75% സമയവും ഇതിനായി മാറ്റിവയ്ക്കും.
വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. പൗരപ്രമുഖർക്ക് പകരം കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരെയും സങ്കടങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങളെയും കേൾക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോയിൽ കണ്ടുവെന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. എസ്.ഐ.ടി അന്വേഷണത്തിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്.
'ഇഷ്ടമല്ലാത്തതു കൊണ്ടാകും
തന്നെ കുറ്റപ്പെടുത്തുന്നത്'
തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും കുറ്റം പറയുന്നത്. യു.ഡി.എഫിനെയോ കോൺഗ്രസിനെയോ അവർ കുറ്റമൊന്നും പറഞ്ഞിട്ടില്ല. അവർ രണ്ടുപേരും പ്രായമായവരാണ്. എന്നാൽ, വർഗീയതയ്ക്കെതിരായ തന്റെ നിലപാട് തുടരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പുതുയുഗയാത്ര കേരളത്തെ
മാറ്റും: കെ.സി.വേണുഗോപാൽ
കാസർകോട്: പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ആരംഭിച്ച പുതുയുഗ യാത്രയെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുവെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. മാറുന്ന ലോകത്തിന് അനുസരിച്ച് കേരളത്തെ മാറ്റുന്നതിനാണ് ഈ യാത്ര. കുമ്പളയിൽ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിഫൈനൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ വിജയകരമായി. എതിരാളികളുടെ കൈയിലുള്ള ആയുധങ്ങൾ നിഷ്പ്രഭമാക്കി ഫൈനൽ പോരാട്ടം യു ഡി എഫ് ജയിച്ചുകയറും. അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾ ജോലി തേടി കേരളം വിട്ടുപോകുന്ന സ്ഥതിക്ക് മാറ്റം വേണം. പുതിയ തൊഴിൽ സംസ്ക്കാരം ഇവിടെ ഉണ്ടാകണം. എല്ലാമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി കേരളത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റണം.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ക്ഷേമപെൻഷൻ അടക്കം നിർത്തുമെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ക്ഷേമപെൻഷൻ അടക്കമുള്ള അവകാശങ്ങൾ ജനങ്ങൾക്ക് നൽകിയ മുന്നണിയാണിത്. ആർ.ശങ്കറാണ്പെൻഷൻ കൊടുക്കാൻ തുടങ്ങിയത്. കേരളത്തെ മാറ്റുന്ന നിരവധി പദ്ധതികൾ യു. ഡി. എഫ് തയ്യാറാക്കും. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് പ്രവർത്തിക്കും.ബംഗാളിൽ ഓഫീസ് വരെ ബി.ജെ.പിക്ക് തീറെഴുതിയ അപചയം ഇവിടെയും സി.പി.എമ്മിന് സംഭവിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
കെ.സി.ജോസഫ്, എം പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ ടി.സിദ്ധിഖ്, എ.കെ.എം അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, എൻ.ഷംസുദ്ധീൻ, അൻവർ സാദത്ത്, പാലോട് രവി, പി.കെ.ബഷീർ, കെ.പി.സി.സി ഭാരവാഹികളായ കെ.പി.അനിൽകുമാർ, രമ്യാ ഹരിദാസ്, ബാലകൃഷ്ണൻ പെരിയ, ഷാനിമോൾ ഉസ്മാൻ, സന്ദീപ് വാര്യർ, അജയ് തറയിൽ, ദീപ്തി മേരി വർഗീസ്, സി.കെ ജാനു, പി.വി.അൻവർ, അഡ്വ.മനോജ് കുമാർ, കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.നീലകണ്ഠൻ,രമേശൻ കരുവാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |