
പത്തനംതിട്ട: മന്ത്രി വീണാജോർജ് പറഞ്ഞ നുണക്കഥയെ തുടർന്ന് സംസ്ഥാനത്ത് കലാപം അഴിച്ചുവിട്ട സി.പി.എം ആയുധം താഴെവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.എസ്.യു പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞും കോൺഗ്രസ് ഓഫീസുകൾ കത്തിച്ചും പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചും സി.പി.എം സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് പുതുയുഗ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് മന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യ കഥാപാത്രമായി. മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ആളുകൾ ചിരിക്കുന്നു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ജനശ്രദ്ധ തിരിച്ചുവിടാനാണ് മന്ത്രി നാടകം കളിച്ചത്. കെ.എസ്.യു നേതാക്കൾക്കെതിരായ വധശ്രമ കേസ് പിൻവലിക്കണം. അക്രമം തുടർന്നാൽ അതിശക്തമായ പ്രതിരോധമുണ്ടാകും.
കെ.എസ്.യുക്കാർ മന്ത്രിയുടെ പെടലിയും കൈയും പിടിച്ച് തിരിച്ചെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. അതിപ്പോൾ പൊളിഞ്ഞ് പാളീസായി ഏഴുനിലയിൽ പൊട്ടി. എന്നിട്ടും അക്രമം നടത്താൻ സി.പി.എം നേതാക്കൾ പ്രേരിപ്പിക്കുന്നു. മന്ത്രി ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും ശസ്ത്രക്രിയ വേണ്ടെന്ന വാർത്ത വരുത്തുകയാണ്. മെഡിക്കൽ ബുള്ളറ്റിനിൽ എവിടെയാണ് മന്ത്രിക്ക് ആക്രമണത്തിൽ പരിക്കേറ്റെന്ന് പറയുന്നതെന്ന് സതീശൻ ചോദിച്ചു. മാദ്ധ്യമങ്ങൾക്കും റെയിൽവേയ്ക്കും പൊതുസമൂഹത്തിനും അറിയാം മന്ത്രിയുടേത് അഭിനയം മാത്രമായിരുന്നെന്ന്.
വനിതാ നേതാവിന്റെ
സംസ്കാരം കേരളം കണ്ടു
ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം എല്ലാവരും കേട്ടതാണെന്ന് കൊല്ലത്ത് ചിന്താ ജെറോം നയിച്ച പ്രകടനത്തിലെ അസഭ്യ പരാമർശത്തെ സൂചിപ്പിച്ച് സതീശൻ പറഞ്ഞു. ആച്ഛനില്ലാത്ത സമയത്ത് അമ്മയ്ക്കുണ്ടായവരെ എന്നാണ് വിളിച്ചത്. അതിന് മറുപടി പറയുന്നില്ല. ഇവരുടെയൊക്കെ നിലവാരമാണ് പുറത്തുവന്നത്. ഇതാണോ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. അവർ വിളിച്ച മുദ്രാവാക്യം കേരളം മറക്കില്ലെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |