കൊച്ചി:സംഗീത നിശകളിലൂടെ യുവജനങ്ങളുടെ ഹരമായി മാറിയ റാപ്പർ വേടൻ (ഹിരൺദാസ് മുരളി-30) കഞ്ചാവ് കേസിൽ അറസ്റ്റിലായി. മയക്കുമരുന്ന് ചെകുത്താനാണെന്നും ഉപയോഗിക്കരുതെന്നും സംഗീതനിശകളിൽ ഉപദേശിച്ചിരുന്ന കലാകാരനാണ്.
ഫ്ലാറ്റിൽനിന്ന് പിടിച്ചത് ആറുഗ്രാം കഞ്ചാവായതിനാൽ ജാമ്യം ലഭിച്ചെങ്കിലും, മാലയിലെ ലോക്കറ്റായി പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലായി. ജാമ്യമില്ലാ കുറ്റമാണ്. കോടനാട് ഫോറസ്റ്റ് റേഞ്ചറുടെ കീഴിലുള്ള മേക്കപ്പാറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുലിപ്പല്ല് ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും.
തൃപ്പൂണിത്തുറ കണിയാമ്പുഴ സ്വാസ് ഫ്ലാറ്റിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഹിൽപാലസ് എസ്.എച്ച്.ഒ എൽ. യേശുദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ വേടനും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരും അറസ്റ്റിലായത്. കഞ്ചാവിന് പുറമേ, ഒമ്പതരലക്ഷംരൂപയും മൊബൈൽഫോണുകളും കണ്ടെടുത്തു.
ആറന്മുള ചെമ്പകമംഗലത്ത് വില്ലയിൽ വിനായക് മോഹൻ (30), തിരുവനന്തപുരം പാപ്പനംകോട് അമൃതനഗർ ശ്രീകൈലാസിൽ വൈഷ്ണവ് ജി. പിള്ള (24), വിഗ്നേഷൻ ജി. പിള്ള (27), പെരിന്തൽമണ്ണ കുന്നപ്പള്ളി കരംതൊടിവീട്ടിൽ ജാഫർ കെ. അലി (29), എറണാകുളം നോർത്ത് പറവൂർ മന്നം കയ്യാലപ്പറമ്പിൽ കെ.ഡബ്ല്യു. വിഷ്ണു (26), തൃശൂർ പർളികാട് ഇല്ലിക്കോട്ടിൽ വീട്ടിൽ കശ്യപ് ഭാസ്‌കർ (26), കോട്ടയം മീനടം വട്ടുകുന്ന് വെങ്കശേരിവീട്ടിൽ വിമൽ സി. ജോയ് (23), മാള സൗത്ത് പുത്തൻചിറ വട്ടപ്പറമ്പിൽ വി.എസ്. ഹേമന്ദ് (22) എന്നിവരാണ് മറ്റുപ്രതികൾ. ഇവരെ ജാമ്യത്തിൽ വിട്ടു.
പരിപാടിയുടെ ബുക്കിംഗിനായി ലഭിച്ചതാണ് 9.5 ലക്ഷം രൂപയെന്ന് വെളിപ്പെടുത്തിയ വേടൻ, ലോക്കറ്രിനെക്കുറിച്ച് വാചാലനായതാണ് വനംവകുപ്പിന്റെ കേസിന് വഴിതുറന്നത്. ഫ്ളയിംഗ് സ്വാഡ് ഡി.എഫ്.ഒ ഫ്ലാറ്റിൽ എത്തിയാണ് ലോക്കറ്റ് പരിശോധിച്ചത്.
* ഇരട്ടപ്പേര് ജീവനായി
ചെറുപ്പത്തിൽ മീൻപിടിത്തത്തിലും തെറ്റാലി ഉപയോഗിക്കുന്നതിലും കേമനായിരുന്ന ഹിരൺദാസിന് സുഹൃത്തുക്കൾ ചാർത്തിയ പേരാണ് 'വേടൻ.' ആദ്യം വെറുപ്പായിരുന്നു . പിന്നീട് ഹൃദയത്തോട് ചേർത്തു. സിനിമാമോഹമാണ് സംഗീതലോകത്ത് എത്തിച്ചത്.
കഞ്ചാവിൽ പങ്കില്ല; ഷൈൻ
ലഹരിമുക്തി കേന്ദ്രത്തിലേക്ക്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ബന്ധമില്ലെന്ന് എക്സൈസ്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അസി.എക്സൈസ് കമ്മിഷണർ ഡി.അശോക് കുമാർ ഇക്കാര്യം അറിയിച്ചത്.
നടി തസ്ലിമ സുൽത്താൻ രണ്ടുകോടി രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിലാണ് ചോദ്യം ചെയ്തത്.
തസ്ളീമയുമായി 'റിയൽമീറ്റ് ' (പണംവാങ്ങിയുള്ള ലൈംഗിക ഇടപാട് ) ബന്ധം മാത്രമേയുള്ളുവെന്ന് മോഡൽ സൗമ്യ മൊഴി നൽകി.
മെത്താഫിറ്റാമിനാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്ന് ഷൈൻ വെളിപ്പെടുത്തി.
ഷൈനെ തൊടുപുഴയിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി. ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |