
ചേർത്തല: രാഷ്ട്രീയക്കാർക്ക് ഇടം കൊടുക്കാനുള്ള കേന്ദ്രമായി ദേവസ്വം ബോർഡിനെ മാറ്റുന്നതിന്റെ ഫലമാണ് ശബരിമലയിലുണ്ടായതെന്നും, അതിന് മാറ്റം വരുത്തി സർക്കാർ നടപ്പാക്കുന്ന തീരുമാനം സ്വാഗതാർഹമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗനേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറിക്ക് ചേർത്തല കണ്ടമംഗലം ക്ഷേത്രസമിതി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിൽ പുതിയ പ്രസിഡന്റായി ഐ.എ.എസുകാരനെ നിയമിച്ച നടപടി ഉചിതമാണ്.ഇപ്പോഴത്തെ സാഹചര്യത്തിൽ വേറെ ആരെ വച്ചാലും സർക്കാരിന് ഗുണം ചെയ്യില്ല.ക്ഷേത്ര വരുമാനത്തിൽ ഒരു ഭാഗം ആതുര സേവനത്തിനും ക്ഷേമ പദ്ധതികൾക്കുമായി മാറ്റി വയ്ക്കണം. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനുള്ള സർക്കാർ പ്രഖ്യാപനം സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാണ്.
ഗുരുവിന്റെ ദർശനവും സന്ദേശങ്ങളും എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവിനെ ചെറുതാക്കി
കാണിക്കൻ ശ്രമമെന്ന്
നാടിന്റെ സാമൂഹിക,സാമ്പത്തിക,വിദ്യാഭ്യാസ,വ്യവസായ പുരോഗതിക്കായി പ്രയത്നിച്ച ഗുരുവിനെയും ഗുരു ദർശനത്തെയും ചെറുതാക്കി കാണിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കങ്ങളെ ഗൗരവമായി കാണണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.. ലോകത്തിനു നൽകിയ മഹത്തായ സന്ദേശങ്ങളിലൂടെയാണ് വിശ്വഗുരുവിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ പുനർനിർമ്മിച്ച ആരാധനാ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..സമൂഹത്തിലെ ചലനങ്ങളെ അപഗ്രഥിച്ച് കൃത്യമായ ഇടപെടലുകളും നിലപാടൂകളും കൈക്കൊള്ളുന്ന വെളളാപ്പള്ളി നടേശൻ മാതൃകയാക്കേണ്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു
ഗുരുപ്രസാദം സദ്യാലയം മന്ത്രി പി. പ്രസാദും അന്നപൂർണാ ഹാൾ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.ലിജുവും ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ അദ്ധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. 1976 കാലത്തെ ഓഡിറ്റോറിയം നിർമ്മിച്ച ഭരണസമിതിയംഗങ്ങളെ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.ലിജു,അഡ്വ. മനു സി. പുളിക്കൽ, അഡ്വ.പി.കെ.ബിനോയ് എന്നിവർ ചേർന്ന് ആദരിച്ചു. യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി. അനിയപ്പൻ ഉപഹാര സമർപ്പണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |