ചെന്നൈ: വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനായ തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഒരു ഷൂട്ടിംഗിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടക്കും.
പല സൂപ്പർതാര ചിത്രങ്ങളിലും വില്ലൻ, സഹനടൻ വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തെലുങ്കിൽ ഗോപിചന്ദിന്റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെന്നൈയിൽ തിയേറ്റർ നടനായിരുന്ന രാജ്‌കുമാർ പിന്നീടാണ് സിനിമയിലെത്തിയത്. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദീപം എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനിയിച്ചു.
1992ൽ വിയറ്റ്‌നാം കോളനിയിൽ വില്ലനായിട്ടായിരുന്നു മലയാളത്തിലെ
രംഗപ്രവേശം. ഇതിലെ റാവുത്തർ എന്ന കഥാപാത്രം 33 വർഷത്തിനു ശേഷവും മലയാളി മനസുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. അനുരാഗ കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേൾ, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം തുടങ്ങിയവയാണ് മലയാളത്തിലെ മറ്റ് ചിത്രങ്ങൾ. സിനിമാ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മക്കൾ: ദീക്ഷിത, പത്മിനി.
ചാൻസ് ചോദിച്ചെത്തി
റാവുത്തറായി
ഫാസിലിന്റെ സിനിമകളിൽ അവസരം ചോദിച്ചെത്തിയ വിജയരംഗ രാജുവിനെ സിദ്ദിക്കും ലാലും കണ്ടതോടെയാണ് വിയറ്റ്നാം കോളനിയിലേക്ക് വഴി തെളിഞ്ഞത്. ഗോഡ്ഫാദറിനു ശേഷം ഒരുക്കുന്ന വിയറ്റ്നാം കോളനിയിലേക്ക് കിടിലൻ വില്ലനെ തേടി നടക്കുകയായിരുന്നു സിദ്ദിക്കും ലാലും. വേഷം പറഞ്ഞപ്പോൾ വിജയരംഗരാജു ഹാപ്പി. സിനിമയിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |